Kollam Local

പ്രവാസി പുനരധിവാസം: സഹകരണ മേഖലയുടെ സഹായം തേടും: നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍



കൊല്ലം: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നോര്‍ക്കയുടെ പുനരധിവാസ വായ്പാ പദ്ധതി വിപുലമാക്കുന്നതിന് സഹകരണ മേഖലയുടെ സഹായം തേടുമെന്ന് നോര്‍ക്ക റൂട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവാസികള്‍ക്കുള്ള സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസാല്‍കൃത ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കിങ് സംവിധാനം വഴിയും വായ്പകള്‍ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. ബാങ്കുകളില്‍ നിന്ന് ഇത്തരത്തില്‍ ലഭിക്കുന്ന സംരംഭക വായ്പകളിന്മേല്‍ 15 ശതമാനം മൂലധന സബ്‌സിഡിയും നാലു വര്‍ഷത്തേക്ക് പലിശ സബ്‌സിഡിയും നോര്‍ക്ക നല്‍കും. നോര്‍ക്കയുടെ സാന്ത്വനം പോലെയുള്ള പദ്ധതികളില്‍ നിന്ന് സഹായധനം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ചില ഇടനിലക്കാരും സംഘടനകളും ഗുണഭോക്താക്കളില്‍ നിന്ന്  പണം തട്ടാന്‍ ശ്രമിക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ നീക്കങ്ങളില്‍പ്പെട്ട് വഞ്ചിതരാകാരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം. നോര്‍ക്ക ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കും. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലവും ജനകീയവുമാക്കുന്നതിന് എല്ലാ ജില്ലകളിലും പ്രവാസി കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് അധ്യക്ഷനായി. സംരംഭങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ എസ് ശിവകുമാര്‍ ക്ലാസെടുത്തു. എ എം കബീര്‍ പരിശീലനത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it