wayanad local

പ്രവാസികള്‍ക്ക് ബാങ്കുകള്‍ സബ്‌സിഡി വായ്പകള്‍ നിഷേധിക്കുന്നുവെന്നു പരാതി

കല്‍പ്പറ്റ: ബാങ്കുകള്‍ പ്രവാസികള്‍ക്ക് സബ്‌സിഡി വായ്പകള്‍ നിഷേധിക്കുകയാണെന്ന് ഗ്ലോബല്‍ പ്രവാസി റിട്ടേണീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ ടി അബ്ദുല്‍ മനാഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അസോസിയേഷന്‍ ജില്ലാ സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കല്‍പ്പറ്റ വ്യാപാരഭവനില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രവാസികളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതില്‍ മല്‍സരിക്കുന്ന ബാങ്കുകള്‍ വായ്പയുടെ കാര്യത്തില്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.
എസ്ബിഎ, യൂനിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും കേരള പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനും മാത്രമാണ് പുനരധിവാസ സബ്‌സിഡി വായ്പ അനുവദിക്കുന്നത്. 20 ലക്ഷം രൂപ വായ്പ അഞ്ചുവര്‍ഷ കാലാവധിയില്‍ 15 ശതമാനം മൂലധന സബ്‌സിഡിയോടും മൂന്നു ശതമാനം പലിശ സബ്‌സിഡിയോടും അനുവദിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും ധനകാര്യസ്ഥാപനങ്ങള്‍ മൊത്തം തുകയും യഥാസമയം പ്രവാസിക്ക് നല്‍കുന്നില്ല. അപേക്ഷകരെ പ്രായക്കൂടുതലിന്റെ പേരിലും വായ്പ അനുവദിക്കാതെ ബാങ്കുകള്‍ ബുദ്ധിമുട്ടിക്കുകയാണ്.
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമനിധി ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പെന്‍ഷന്‍ അപര്യാപ്തമാണ്. നോര്‍ക്ക റൂട്ട്‌സ് മുഖേന സാന്ത്വന പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ അപാകതയുണ്ട്. ഇക്കാര്യങ്ങള്‍ ജില്ലാ സംഗമം ചര്‍ച്ച ചെയ്യും.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭകള്‍ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുക, സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ത്രിതല പഞ്ചായത്തുകള്‍ മുഖേന ലഭ്യമാക്കുക, ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഗമം ഉന്നയിക്കും. വി കെ ശ്രീധരന്‍, ഇ എം മുഹമ്മദ് ഹനീഫ, ജോളി ജോസഫ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it