Gulf

പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്തിന്റെ ക്വാട്ടയില്‍ ഹജ്ജ് വിസ അനുവദിക്കില്ല

പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യത്തിന്റെ ക്വാട്ടയില്‍ ഹജ്ജ് വിസ അനുവദിക്കില്ല
X


നിഷാദ് അമീന്‍
ജിദ്ദ: ഒരു രാജ്യത്തിന് അനുവദിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ ആ രാജ്യത്ത് പ്രവാസികളായി കഴിയുന്നവര്‍ക്ക് ഹജ്ജ് ചെയ്യാന്‍ ഈ വര്‍ഷം മുതല്‍ അനുമതിയുണ്ടാവില്ല. 2017ലെ ഹജ്ജ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സൗദി ഹജ്ജ് മന്ത്രാലയം ലോക രാജ്യങ്ങളിലെ ഹജ്ജ് മന്ത്രാലയ വിഭാഗം മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് യുഎഇ ഇസ്‌ലാമികകാര്യ ജനറല്‍ അതോറിറ്റി വക്താവ് ഡോ. അഹ്മദ് അല്‍ മൂസ വ്യക്തമാക്കി.
യുഎഇയില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന വിദേശികള്‍ക്ക് ഈ വരുന്ന ഹജ്ജ് സീസണിലും ഭാവിയിലും ഹജ്ജ് വിസ നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎഇക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ യുഎഇ പൗരന്‍മാര്‍ക്ക് മാത്രമേ ഹജ്ജ് വിസ ലഭിക്കുകയുള്ളൂ. ഈ നിയമം എല്ലാ രാജ്യങ്ങള്‍ക്കും സൗദി ബാധകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് യുഎഇയിലെ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും ഡോ. അല്‍ മൂസ പറഞ്ഞു.
അതേസമയം, സൗദിയുടെ ആഭ്യന്തര ഹജ്ജ് ക്വാട്ടയില്‍ പ്രവാസികള്‍ക്ക് ഹജ്ജ് അനുമതിപത്രം നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. ഇതു സംബന്ധിച്ച് സൗദിയുടെ ഭാഗത്തു നിന്ന് അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഈ വര്‍ഷം മുതല്‍ സൗദി ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പുനസ്ഥാപിച്ചിരുന്നു. സൗദിയുടെ ഹജ്ജ് ക്വാട്ടയില്‍ 50 ശതമാനവും വിദേശ രാജ്യങ്ങളുടെ ക്വാട്ടയില്‍ 20 ശതമാനവുമായിരുന്നു വെട്ടിക്കുറച്ചിരുന്നത്. ക്വാട്ട പുനസ്ഥാപിച്ചതിനാല്‍ ഈ വര്‍ഷം 35 ലക്ഷത്തിലധികം പേര്‍ ഹജ്ജ് നിര്‍വഹിച്ചേക്കും.
അതേസമയം, പ്രവാസികള്‍ക്ക് ഹജ്ജ് വിസ അനുവദിക്കില്ലെന്ന തീരുമാനം യുഎഇയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ഹജ്ജ് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഡോ. അഹ്മദ് അല്‍ മൂസ വ്യക്തമാക്കി. ഇതിനകം 20,000 യുഎഇ പൗരന്‍മാര്‍ ഈ വര്‍ഷത്തെ ഹജ്ജിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്നും ഇതില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രവാസികള്‍ ഉള്‍പ്പെടെ ഈ വര്‍ഷം 37,000 പേര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി യുഎഇ ഇസ്‌ലാമികകാര്യ ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതാര്‍ അല്‍ കാബി പറഞ്ഞു. 6,228 ആണ് യുഎഇയുടെ ഹജ്ജ് ക്വാട്ട. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1246 പേര്‍ക്ക് (25% വര്‍ധന) ഈ വര്‍ഷം ഹജ്ജ് ചെയ്യാനാവും. രാജ്യത്ത് 144 അംഗീകൃത ഹജ്ജ് ഓപറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it