Kollam Local

പ്രവാചകന്‍ പകര്‍ന്നത് സമാധാനത്തിന്റെ മാനവിക ദര്‍ശനം: മുസ്‌ലിം ജമാഅത്ത്

കൊല്ലം: മനുഷ്യനെ അവമതിക്കുന്ന ലോകത്തിന് സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഉദാത്തമായ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് സമ്മാനിച്ചതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നബിദിനസന്ദേശസമ്മേളനം അഭിപ്രായപ്പെട്ടു. മാനവികതയില്‍ വിശ്വസിച്ച് സ്‌നേഹത്തിന്റെ ദര്‍ശനം പകര്‍ന്ന പ്രവാചകന്‍ മുഹമ്മദ് നബി ഭീകരതയെ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിട്ടില്ല. പ്രവാചകന്റെ ഈ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. മുഹമ്മദ് നബി പഠിപ്പിച്ച ഇസ്‌ലാമിക ദര്‍ശനങ്ങളെയും പ്രവാചകനേയും തെറ്റായി വ്യാഖ്യാനിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഇസ്‌ലാമിനെ സത്യസന്ധമായി പഠിക്കാന്‍ ശ്രമിക്കണം. മത ചിഹ്നങ്ങള്‍ അധികാരത്തിലെത്താനുള്ള എളുപ്പ മാര്‍ഗമായി കണ്ടാല്‍ സഹിഷ്ണുത നഷ്ടപ്പെടുന്നിടത്തേക്ക് രാജ്യം വഴിമാറും. മത സ്വാതന്ത്ര്യമാണ് ബഹുസ്വരതയിലധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത. ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് രാജ്യത്തിന്റെ അധികാരം കൈയ്യാളുന്നവരുടെ ബാധ്യതയാണെന്നും നബിദിസന്ദേശസമ്മേളനം അഭിപ്രായപ്പെട്ടു.സമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ മുഹമ്മദ്കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്രമുശാവറ അംഗം പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസി, മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഇല്യാസ്‌കുട്ടി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് നൈസാം സഖാഫി, കെ എസ് കെ തങ്ങള്‍, അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, ജഅ്ഫര്‍ കോയാ തങ്ങള്‍, ആഷിഖ് തങ്ങള്‍, അബ്ദുല്‍ ഹക്കീം സഅദി, ഹസ്ബുല്ല ബാഫഖി തങ്ങള്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ എം അന്‍സാരി, ഫൈനാന്‍സ് സെക്രട്ടറി പി എസ് അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍ മൈലാപ്പൂര് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയില്‍ നിന്നും പീരങ്കിമൈതാനി വരെ റാലിയും നടന്നു.
Next Story

RELATED STORIES

Share it