palakkad local

പ്രളയ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയ യുവാവിനു നേരെ അക്രമം

പാലക്കാട്: നെന്മാറ ചേരുംകാട് ആതനാട് മലയില്‍ പത്തുപേര്‍ മരണപ്പെട്ട ഉരുള്‍പ്പൊട്ടലില്‍ ഇരകളായവരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തിയ യുവാവിനു നേരെ സിപിഎം ആക്രമം.
ആഗസ്ത് 16ന് നെന്മാറ ആതനാട് മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ചേരുംകാട്ടെ ഇബ്രാഹിമിനെയാണ് കഴിഞ്ഞ ദിവസം സിപിഎം പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്.
ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിയപാലകരടക്കമുള്ളവരുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ ഇബ്രാഹിം ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കാത്തതും കുടിയിറക്കപ്പെട്ട പ്രദേശവാസികള്‍ താമസിക്കുന്ന വാടകവീടിന്റെ വാടക പോലും ലഭിക്കാത്ത വിഷയം പാലക്കാട്ട് വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇരകള്‍ വെളിപ്പെടുത്തിയത്.
ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്തെ പ്രളയബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിവരവും വൈകാതെ വെളിപ്പെട്ടു. ഇതില്‍ വിറളിപൂണ്ട സിപിഎം ആക്രമം അഴിച്ചു വിടുകയായിരുന്നു. പ്രളയ ദുരിതബാധിതരെ ആക്രമിക്കുന്നതിലൂടെ സിപിഎം സ്വന്തം മുഖം വൃകൃതമാക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ കൊല്ലങ്കോട് വ്യക്തമാക്കി.
ഉരുള്‍പ്പൊട്ടലില്‍ ഇരകളായ ഇബ്രാഹിം അടക്കമുള്ള വാടക വീടുകളില്‍ താമസിക്കുന്നവര്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഉരുള്‍പ്പൊട്ടലിന്റെ ഇരകള്‍ക്ക് സര്‍ക്കാറിന്റെ ഒരു ദുരിതാശ്വാസവും നല്‍കാതെ ക്വാറി മാഫിയകള്‍ക്ക് വേണ്ടി ജനങ്ങളെ കുരുതി കൊടുക്കുന്ന കെ ബാബു എംഎല്‍എയുടെയും നിലപാടുകള്‍ക്കെതിരെ എസ്ഡിപിഐ നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി എംഎല്‍എ ഓഫിസ് മാര്‍ച്ച് നടത്തിയിരുന്നു.
അധികാരത്തിന്റെ ബലത്തില്‍ എന്തുതെമ്മാടിത്തരവും ആകാമെന്ന സിപിഎം ധാര്‍ഷ്ട്യത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും കെ ബാബു എംഎല്‍എയുടെ നേതൃത്വത്തില്‍ നെന്മാറയില്‍ നടക്കുന്ന ഗുണ്ടായിസത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എസ്ഡിപിഐ വ്യക്തമാക്കി.

Next Story

RELATED STORIES

Share it