പ്രളയ ദുരിതം: കേന്ദ്രസംഘത്തിന്റെ ആലപ്പുഴയിലെ പര്യടനം പൂര്‍ത്തിയായി

ആലപ്പുഴ: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘത്തിന്റെ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. ധനകാര്യമന്ത്രാലം ഉപദേഷ്ടാവ് ആഷു മാത്തൂര്‍, ജലവിഭവ വകുപ്പ് റിസോഴ്‌സ് കമ്മീഷണര്‍ ടി എസ് മെഹ്‌റ, ദേശീയ ദുരന്തനിവാരണ അതോറിട്ടി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാങ്ഖി എന്നിവരടങ്ങിയ സംഘമാണ് ജില്ലയില്‍ രണ്ടുദിവസത്തെ നാശനഷ്ട പരിശോധനയ്ക്ക് എത്തിയത്.
രാവിലെ അമ്പലപ്പുഴ താലൂക്കിലെ കടല്‍ക്ഷോഭ പ്രദേശങ്ങളാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉള്‍െപ്പടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തെ അനുഗമിച്ചു. നീര്‍ക്കുന്നത്തെ മാധവമുക്കിലായിരുന്നു ആദ്യസന്ദര്‍ശനം. ഇവിടെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളും കടല്‍ത്തീരവും സംഘം കണ്ടു. തുടര്‍ന്ന് സംഘം മീനൂട്ട് കടവിലേക്കു പോയി.
പ്രദേശത്ത് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന 10ഓളം വീടുകളും സംഘം സന്ദര്‍ശിച്ചു. കടല്‍ക്ഷോഭത്തിന്റെ ആഘാതം ഓരോ വര്‍ഷവും കൂടിവരുന്നതായും നിലവില്‍ കടലുള്ള ഭാഗത്തുനിന്ന് അഞ്ചു വര്‍ഷം മുമ്പ് ഒരു കിലോമീറ്ററിലധികം പുറത്തായിരുന്നു കടലെന്നും കടല്‍ക്ഷോഭത്തിന് പുലിമുട്ട് പോലുള്ള സ്ഥായിയായ ഒരു പരിഹാരം ആവശ്യമാണെന്നും കലക്ടര്‍ സംഘത്തെ ധരിപ്പിച്ചു. വളഞ്ഞവഴിയില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ കണ്ട സംഘം പിന്നീട് തോട്ടപ്പള്ളിയിലേക്ക് പോയി. തോട്ടപ്പള്ളി സ്പില്‍വേയ്ക്കു സമീപം കുറച്ചുസമയം ചെലവഴിച്ച സംഘം സ്പില്‍വേയുടെ പ്രവര്‍ത്തനം വിശദമായി കലക്ടറോട് ചോദിച്ചറിഞ്ഞു. എല്ലാവര്‍ഷവും വര്‍ഷകാലത്ത് പൊഴിമുറിച്ചാണ് കുട്ടനാട്ടിലെ വെള്ളം പുറത്തേക്ക് ഒഴിക്കുന്നതെന്നും ഇക്കുറിയും ഫലപ്രദമായി ഇതു ചെയ്യാനായെന്നും കലക്ടര്‍ സംഘത്തെ ധരിപ്പിച്ചു. രാവിലെ ആലപ്പുഴ ബീച്ചും സംഘം സന്ദര്‍ശിച്ചിരുന്നു.
നാല് ടീമുകളായി തിരിഞ്ഞാണ് സംഘം സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുന്നത്.
11 പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ ടീം ലീഡര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മയാണ്.
ഡോ. ബി രാജേന്ദര്‍, വന്ദന സിംഗാള്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ടീം സന്ദര്‍ശനം നടത്തുന്നത്. നീതി ആയോഗില്‍ ഉപദേശകനായ ഡോ. യോഗേഷ് സുരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ടീം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ വി ധര്‍മ റെഡ്ഡി, ഗ്രാമവികസന ഡയറക്ടര്‍ ധരംവീര്‍ഝാ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.

Next Story

RELATED STORIES

Share it