Editorial

പ്രളയാനന്തരം ഭൂമി പറയുന്നത്

പ്രളയം തകര്‍ത്ത കേരളത്തെ എങ്ങനെ പുനര്‍നിര്‍മിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നാട്ടിലെങ്ങും. രാഷ്ട്രീയക്കാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സാമൂഹിക നേതാക്കളും അക്കാദമിക വിദഗ്ധരുമെല്ലാം ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. നാനാഭാഗങ്ങളിലും സെമിനാറുകളും സിംപോസിയങ്ങളും അരങ്ങേറുന്നു. ഗവേഷണ പ്രബന്ധങ്ങളും ഡോക്ടറല്‍ ബിരുദങ്ങളും വൈകാതെ വരുമെന്നു പ്രതീക്ഷിക്കുക. ഈ ചര്‍ച്ചയില്‍ പ്രകൃതി തന്നെ നേരിട്ടു ചില കാര്യങ്ങള്‍ പറയുന്നതാണ് പ്രളയാനന്തര കേരളത്തിലെ ഏറ്റവും കൗതുകകരമായ സംഭവവികാസം. കേരള നിയമസഭയില്‍ പ്രളയബാധിത പ്രദേശത്തുനിന്നുള്ള എംഎല്‍എമാര്‍ക്ക് വായ തുറക്കാന്‍ അവസരം നല്‍കാതെയാണ് മുഖ്യ ഭരണകക്ഷി തങ്ങളുടെ ജനങ്ങളോടുള്ള ബാധ്യതയും ഉത്തരവാദിത്തവും പ്രകടിപ്പിച്ചത്. അതേസമയം, കാടുകള്‍ വെട്ടിപ്പിടിച്ചും മലകള്‍ തുരന്നു നിരപ്പാക്കിയും നദികളെ വിവസ്ത്രമാക്കിയും പേരും പെരുമയും പണവും നേടിയശേഷം ജനസേവനരംഗത്തേക്ക് ഇറങ്ങിയ പല പ്രഗല്ഭരുടെയും പ്രസംഗം നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കുകയും ചെയ്തു. പാറ തുരന്നതുകൊണ്ടാണ് ഉരുള്‍പൊട്ടലുണ്ടാവുന്നതെങ്കില്‍ എങ്ങനെ വനാന്തരത്തില്‍ ഉരുള്‍പൊട്ടി എന്ന ഗഹനമായ താത്വികപ്രശ്‌നമാണ് ഒരു മഹാശയന്‍ സഭയില്‍ ഉന്നയിച്ചത്. മഴയും കാറ്റുമുണ്ടെങ്കില്‍ പ്രകൃതിദുരന്തവും സ്വാഭാവികം എന്നൊരു കൊടുംയുക്തിവാദി. അതേസമയം, കേരളത്തിലെ ഭൂവിനിയോഗരംഗത്തും നിര്‍മാണരംഗത്തും വികസനപ്രക്രിയയിലുമൊക്കെ നിലനില്‍ക്കുന്ന കടുത്ത പ്രശ്‌നങ്ങളും പാരിസ്ഥിതികമായ ആഘാതങ്ങളും വേണ്ടവിധം ചര്‍ച്ച ചെയ്യാന്‍ ആരുമില്ലാതെപോയി. കേരളത്തിന്റെ ഭൂപ്രകൃതിയുടെ താളം തന്നെ തെറ്റിക്കുന്ന വികസന നയമാണ് നമ്മള്‍ കുറേക്കാലമായി മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് എന്ന് ചിന്താശീലരായ ആര്‍ക്കും കാണാം. പശ്ചിമഘട്ടത്തെ സംബന്ധിച്ച വളരെ പ്രസക്തമായ പഠനം നടത്തിയ മാധവ് ഗാഡ്ഗില്‍ അടക്കമുള്ള വിദഗ്ധര്‍ പ്രളയത്തിന് മുമ്പും ശേഷവും ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഈ ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഇനിയെന്താവും നിലപാട് എന്ന് ഭരണകക്ഷികളോ പ്രതിപക്ഷ കക്ഷികളോ നിയതമായി ഒന്നും വ്യക്തമാക്കുകയുണ്ടായില്ല. അതിനു കാരണവുമുണ്ട്. പാറമടക്കാരും കെട്ടിടനിര്‍മാണക്കാരും നദികളിലെ മണലൂറ്റുകാരും പാരിസ്ഥിതികമായ ദുര്‍ബലമേഖലകളിലെ റിസോര്‍ട്ട് വ്യവസായികളുമൊക്കെ എല്ലാ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്കും വേണ്ടപ്പെട്ടവരാണ്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും രാഷ്ട്രീയക്കാര്‍ക്ക് അവര്‍ കൈയയച്ചു സംഭാവന ചെയ്യും. ഉണ്ട ചോറിന് ഉപകാരസ്മരണ എന്നത് രാഷ്ട്രീയക്കാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കുമിടയില്‍ കാലാകാലമായി നിലനില്‍ക്കുന്ന ധര്‍മബോധത്തിന്റെ ഭാഗമാണ്.അതുകൊണ്ടായിരിക്കണം ഭൂമി തന്നെ സ്വന്തം കാര്യം പറയാനായി രംഗത്തിറങ്ങിയിരിക്കുന്നത്. കൊടുംചൂട് കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. പ്രകൃതിയുടെ താളംതെറ്റിയെന്ന പ്രഖ്യാപനം. കഴിഞ്ഞദിവസം പലയിടത്തും സൂര്യാഘാതം പോലും സംഭവിച്ചിരിക്കുന്നു. ഭൂഗര്‍ഭജലം വറ്റിവരണ്ട് ചെറുജീവികള്‍ മണ്ണിനു പുറത്തേക്കുവരുകയാണ്. മണ്ണിരകള്‍ പോലെ ഭൂമിയെ ഉര്‍വരമാക്കിയ ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയാണ്. കേരളം മരുഭൂവല്‍ക്കരണത്തിന്റെ വക്കത്താണ്. പുനര്‍നിര്‍മാണത്തിന്റെ ഘോഷയാത്രയില്‍ പ്രകൃതി പറയുന്നതും കൂടി കണക്കിലെടുക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ ഭാവിതലമുറ പാര്‍ക്കാന്‍ വേറെ നാടു നോക്കേണ്ടിവരും.

Next Story

RELATED STORIES

Share it