Flash News

പ്രളയഭൂമിയില്‍ 100ലധികം പേര്‍ക്ക് ജീവിതം തിരികെ നല്‍കി ഫാറൂഖും പിതാവും

എം എം സലാം

ആലപ്പുഴ: കുട്ടനാടിനെയും കേരളത്തെയും പ്രളയം വിഴുങ്ങിയ ദിനങ്ങളില്‍ അഞ്ചാംക്ലാസുകാരന്‍ ഫാറൂഖും പിതാവ് കോയമോനും ഒരുമിച്ച് തുഴയെറിഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് 100ലധികം പേരെ. പ്രളയം കനത്ത നാശം വിതച്ച കുട്ടനാടന്‍ മേഖലയില്‍ മുതിര്‍ന്നവരെപ്പോലും അതിശയിപ്പിച്ച മനക്കരുത്തും സാഹസികതയുമാണ് 11 വയസ്സുകാരനായ ഈ ബാലന്‍ കാഴ്ചവച്ചത്.
ആഗസ്ത് 16ന് പുലര്‍ച്ചയോടെയാണ് പള്ളാത്തുരുത്തി ഏഴരമുറി വീട്ടില്‍ കോയമോന്റെ വീട്ടില്‍ വെള്ളം ഇരച്ചെത്തുന്നത്. വീട്ടുകാരെയും വസ്തുവകകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം 10പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന 'ടിപ്പുസുല്‍ത്താന്‍' എന്ന കൊച്ചു വള്ളവുമായി കോയമോന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. സഹായിയായി മകന്‍ ഫാറൂഖിനെയും ഒപ്പം കൂട്ടി. വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പുകളില്‍ കുഞ്ഞുനാളിലേ തന്നെ നീന്തല്‍ അഭ്യസിച്ചിട്ടുള്ളതും മല്‍സ്യബന്ധനത്തിനായി തന്നോടൊപ്പം വരാറുള്ളതും മകനെയും ഒപ്പം കൂട്ടാന്‍ കോയമോനെ പ്രേരിപ്പിക്കുകയായിരുന്നു. മാതാവും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജി ല്ലാ സെക്രട്ടറിയുമായ സബീനയും രക്ഷാപ്രവര്‍ത്തനത്തില്‍ പിതാവിനൊപ്പം പൊയ്‌ക്കൊള്ളാന്‍ അനുവാദം നല്‍കിയതോടെ ഇരുവരും വള്ളത്തിന്റെ കെട്ടഴിച്ചു രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീടിന് സമീപമുള്ള അയല്‍വാസികളായ 40 ഓളം പേരെയാണ് ഇരുവരും ചേര്‍ന്ന് ആദ്യം വള്ളത്തില്‍ അക്കരെയെത്തിച്ചത്.
നാട്ടുകാരെ രക്ഷിക്കുന്നതിനിടയിലാണ് പള്ളാത്തുരുത്തിയില്‍ നിന്നും ഒന്നര മണിക്കൂര്‍ കായലിലൂടെ യാത്ര ചെയ്താലെത്തുന്ന നെടുമുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി എസ്ഡിപിഐ ആര്‍ജെ ടീം അറിയിക്കുന്നത്. മൂന്നര മണിക്കൂര്‍ സമയമെടുത്തുള്ള ദുഷ്‌കരമായ യാത്രയ്‌ക്കൊടുവില്‍ നെടുമുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. രക്ഷപ്പെടുത്തേണ്ട നാലുപേരി ല്‍ മൂന്നുപേരും പ്രായംചെന്ന വൃദ്ധരും അവശനിലയിലായവരുമായിരുന്നു. അരമണിക്കൂറിലധികം സമയമെടുത്താണ് ഇവരെ വള്ളത്തില്‍ കയറ്റിയത്. പിറ്റേദിവസം പുലര്‍ച്ചെ മുതല്‍ തന്നെ പ്രളയം കനത്ത നാശംവിതച്ച കുട്ടനാടന്‍ മേഖലകളായ പുളിങ്കുന്ന്, മാങ്കൊമ്പ് ഭാഗങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഈ ദിവസങ്ങളില്‍ കോയമോനും ഫാറൂഖിനുമൊപ്പം ആര്‍ജെ ടീം അംഗങ്ങളായ ജെസീബ് രാജ, ഉബൈദ് എന്നിവരുമുണ്ടായിരുന്നു. വലിയ ബോട്ടുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സ്ഥലങ്ങളിലെ 100ലധികം ആളുകളെയാണ് ഈ ദിവസങ്ങളിലായി ഇവര്‍ ആലപ്പുഴ നഗരത്തിലെത്തിച്ചത്. രക്ഷപ്പെടുത്തിയെടുത്തവര്‍ കണ്ണീരോടെ അറിയിച്ച നന്ദിവാക്കുകളും പ്രാര്‍ഥനകളും മാത്രമായിരുന്നു തങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രതിഫലമെന്ന് കോയമോന്‍ ഓര്‍ക്കുന്നു.
ദുരന്തമുഖത്തെ ഫാറൂഖെന്ന കൊച്ചു രക്ഷകനെത്തേടി ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജില്ലയിലെ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചതോടൊപ്പം ഫാറൂഖിനും പ്രത്യേക ഉപഹാരം നല്‍കി.
സോഷ്യല്‍മീഡിയകളിലും ഫാറൂഖിന്റെ രക്ഷാപ്രവര്‍ത്തനം തരംഗമായതോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ന്യൂസ് സംഘവും ഇന്നലെ ഫാറൂഖിനെ തേടിയെത്തി. ആലപ്പുഴ ടിഡി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയും ജൂനിയര്‍ഫ്രണ്ട് പ്രവര്‍ത്തകനുമായ ഫാറൂഖിന് സ്‌കൂളധികൃതരും മികച്ച സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.



Next Story

RELATED STORIES

Share it