thrissur local

പ്രളയബാധിത പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കാന്‍ തീരുമാനം

ചാവക്കാട്: പ്രളയം കാരണം ജലസ്രോതസ്സുകളില്‍ മാലിന്യം കയറിയ വിവിധ മേഖലകളില്‍ ശുദ്ധജലമെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കാന്‍ ചാവക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളില്‍ മാലിന്യം കലര്‍ന്ന് ഉപയോഗ ശൂന്യമായതിനാല്‍ ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. യോഗം രണ്ട് ദിവസത്തിനുള്ളില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ മല്‍സ്യകൃഷി നശിച്ചതിന്റെ 12 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാത്ത അധികൃതരുടെ നടപടിയില്‍ യോഗം രൂക്ഷ വിമര്‍ശനമുര്‍ത്തി. ചാവക്കാട് മുല്ലത്തറ മുതല്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗത്തെ കുഴികള്‍ അടയ്ക്കാന്‍ കരാറായിട്ടുണ്ടെന്ന് കഴിഞ്ഞ വികസന സമിതിയോഗത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ 16 കിലോമീറ്റര്‍ വരുന്ന ഈ ദൂരത്തില്‍ നാമമാത്രമായി മാത്രമാണ് കുഴിയടയ്ക്കല്‍ നടന്നിട്ടുള്ളത്. ദേശീയപാതയില്‍ നിരവധി സ്ഥലങ്ങളില്‍ വന്‍ ഗര്‍ത്തങ്ങള്‍തന്നെ രൂപപ്പെട്ടിട്ടും അധികൃതര്‍ കാണിക്കുന്ന നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ദേശീയപാതയിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. കുഴിയടയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കരാറുകാരനെതിരേ നടപടിയെടുക്കുകയാണ് ദേശീയപാത അധികൃതര്‍ ചെയ്യേണ്ടതെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ച മല്‍സ്യകൃഷിക്കാരുടെ കണക്കെടുത്ത് ആവശ്യമായ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഫിഷറീസ് അധികൃതര്‍ നടപടി കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കര്‍ ഹാജി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ആഷിത, ഉദയ് തോട്ടപ്പിള്ളി, അബു വടക്കയില്‍, എ ഡി ധനീപ്, തഹസില്‍ദാര്‍ കെ പ്രേംചന്ദ്, ഭൂരേഖ തഹസില്‍ദാര്‍ സി എം ജോണ്‍സന്‍, തോമസ് ചിറമ്മല്‍, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ടി പി ഷാഹു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it