പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരുലക്ഷം വരെ വായ്പ; പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി പ്രകാരം വായ്പാവിതരണം ആരംഭിച്ചു. സംസ്ഥാനത്തെ സഹകരണ-വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പാക്കുന്നത്.
ഇതുവരെ 1,44,750 പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 19,205 അപേക്ഷകള്‍ കുടുംബശ്രീ യൂനിറ്റുകള്‍ സിഡിഎസിന് കൈമാറി. ബാങ്കുകള്‍ക്ക് 16,218 അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 1,401 പേര്‍ക്ക് വായ്പ അനുവദിച്ചു. മൊത്തം 73.47 കോടി രൂപയാണ് ബാങ്കുകള്‍ അനുവദിച്ചത്. സംസ്ഥാനത്തെ സഹകരണ-വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പാക്കുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 1.44 ലക്ഷം പേര്‍ക്ക് 957 കോടി രൂപയാണ് ബാങ്കുകളില്‍ നിന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അര്‍ഹരായ എല്ലാവര്‍ക്കും രണ്ടാഴ്ചകൊണ്ട് വായ്പ ലഭ്യമാക്കാന്‍ കഴിയുമെന്നു കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.
പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ 4900 രേഖകള്‍ പകരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ, ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്റ്റ് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ 15നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it