പ്രളയത്തില്‍പ്പെട്ടിട്ടും പട്ടികയിലില്ലാതെ നിരവധി കുടുംബങ്ങള്‍

കോഴിക്കോട് ജില്ലയില്‍ പ്രളയദുരിതത്തില്‍ പെട്ടവര്‍ക്കുള്ള പ്രാഥമിക നഷ്ടപരിഹാരമായി 22,83,40,000 രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. 10,000 രൂപ വീതം 22,834 പേര്‍ക്കാണ് വിതരണം ചെയ്തത്്. ഔദ്യോഗിക കണക്കനുസരിച്ച്് ഇനി 1000ഓളം പേര്‍ക്ക് തുക വിതരണം ചെയ്യാനുണ്ട്. കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക്് തുക നല്‍കിയത്. ഇവിടെ 20,000 പേരാണ് ധനസഹായം വാങ്ങിയത്. കൊയിലാണ്ടിയില്‍ 1296, വടകര 381, താമരശ്ശേരി 1157 എന്നിങ്ങനെയാണ് ധനസഹായം വാങ്ങിയവരുടെ കണക്ക്. ദുരന്തമേഖലയിലെ വില്ലേജ് ഓഫിസര്‍മാര്‍ കണക്കെടുപ്പു നടത്തി തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ലിസ്റ്റ് പ്രകാരമാണ് ഇത്രയും പേരെ ആനുകൂല്യത്തിനായുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഫണ്ടായ ദുരന്ത പ്രതികരണനിധി(എസ്ടിആര്‍എഫ്)യില്‍ നിന്നാണ് തുക വിനിയോഗിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നാലുലക്ഷം രൂപയും ഈ ഫണ്ടില്‍ നിന്ന് ചെലവഴിച്ചു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്് അതത് വകുപ്പുകള്‍ സമര്‍പ്പിച്ചിട്ടുള്ള ലിസ്റ്റ് അനുസരിച്ച് വകുപ്പുകളിലൂടെ തന്നെ ചെലവഴിക്കും.
ഇതേസമയം അനര്‍ഹരായ നിരവധിപേര്‍ 10,000 രൂപയുടെ പ്രാഥമിക ധനസഹായം വാങ്ങിയതായി ഔദ്യോഗികമായും അല്ലാതെയും കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക വോട്ടുബാങ്കുകള്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയനേതൃത്വങ്ങള്‍ നല്‍കിയ ലിസ്റ്റിലൂടെയാണ് അനര്‍ഹര്‍ ആനുകൂല്യ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണു വിവരം. വെള്ളം കയറിയ പ്രദേശങ്ങള്‍ കണക്കാക്കി, നാശനഷ്ടം സംഭവിക്കാത്ത കുടുംബങ്ങളെയും ചേര്‍ത്ത് ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. ജില്ലയില്‍ പ്രളയദുരിതം അനുഭവിച്ച എല്ലായിടങ്ങളിലും ഇത്തരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്്്. അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടിയപ്പോള്‍ അര്‍ഹരായവര്‍ പുറത്തായ സംഭവങ്ങളും നിരവധിയാണ്. ഫറോക്ക് നഗരസഭയില്‍ വെള്ളം കയറിയ നിരവധി പ്രദേശങ്ങളിലെ കുടുംബങ്ങളെ പട്ടികയില്‍ നിന്ന്് ഒഴിവാക്കിയതായി പരാതി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട 17, 18, 23 ഡിവിഷനുകളിലെ നൂറിലധികം കുടുംബങ്ങള്‍ തങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി എന്ന പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. പ്രളയകാലത്ത്് നല്ലൂര്‍ എയുപി സ്്കൂള്‍, എംവി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കഴിഞ്ഞവരാണ് ഈ കുടുംബങ്ങള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക ക്യാംപുകളായി പരിഗണിച്ചിരുന്ന ഇവിടെ കഴിഞ്ഞവരില്‍ പലര്‍ക്കും ധനസഹായം ലഭിച്ചിട്ടില്ലെന്നു പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പട്ടികയില്‍ പെടാത്തവരെ ഉള്‍പ്പെടുത്താനുള്ള പരിശോധനയും നടന്നുവരുകയാണ്. ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്രയിലെ ചേലൂപ്പാടം എഎംഎംഎഎം യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ അഞ്ചുദിവസം കഴിഞ്ഞുകൂടിയ 23 കുടുംബങ്ങളും ധനസഹായ പട്ടികയില്‍ വന്നില്ല. അനധികൃതമായി മണ്ണെടുത്തുനീക്കിയ ചേനമലയുടെ താഴ്‌വരയില്‍ താമസിക്കുന്ന പട്ടികജാതി കോളനിവാസികള്‍ ഉള്‍പ്പെടെയുള്ള ദരിദ്രവിഭാഗങ്ങളാണ് പട്ടികയില്‍ നിന്നു പുറത്തായത്. മഴ കനക്കുന്നതിനു മുമ്പ്് അപകടകരമായ കുന്നിനു ചുവട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന് വില്ലേജ് ഓഫിസര്‍ ഈ കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മഴ കനത്തപ്പോള്‍ പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഇവര്‍ പരിസരത്തെ സ്‌കൂളില്‍ അഭയം തേടുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞിട്ടും അധികൃതര്‍ ഈ ക്യാംപില്‍ എത്താതിരുന്നത് പ്രതിഷേധത്തിനു കാരണമായി. സര്‍ക്കാര്‍ കണക്കില്‍ ഈ ക്യാംപ് ഉള്‍പ്പെടുത്താത്തതിനെതിരേ പൊതുപ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും കലക്ടര്‍ ക്യാംപ് സന്ദര്‍ശിക്കാന്‍ വില്ലേജ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് തങ്ങളെ പട്ടികയില്‍ നിന്നു പുറത്താക്കാന്‍ കാരണമെന്ന് ചേനമല കോളനിവാസികള്‍ പറയുന്നു. രാഷ്ട്രീയതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആനുകൂല്യ പട്ടിക തയ്യാറാക്കിയതെന്ന്് ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കുറ്റിയാടി, താമരശ്ശേരി, മുക്കം, മാവൂര്‍ പ്രദേശങ്ങളിലും അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടിയതായും അര്‍ഹര്‍ ഒഴിവായതായും ആരോപണമുണ്ട്. ആനുകൂല്യം സംബന്ധിച്ച്് വില്ലേജ് ഓഫിസര്‍മാര്‍ തയ്യാറാക്കിയ പട്ടികയില്‍ പരാതിയുള്ളവര്‍ക്കും പട്ടികയില്‍ നിന്നു പുറത്തായവര്‍ക്കും തഹസില്‍ദാര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുെന്നന്നും ആ സമയത്ത് ചൂണ്ടിക്കാണിക്കാതിരുന്നതാണ് ആശയക്കുഴപ്പങ്ങള്‍ക്കു കാരണമെന്നുമാണ് ഇക്കാര്യത്തിലെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, പല വില്ലേജുകളിലും പട്ടിക പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രസിദ്ധീകരിച്ച ഇടങ്ങളിലാവട്ടെ, നാശനഷ്ടം വന്ന വീടുകളുടെ അറ്റകുറ്റപ്പണികളുടെയും മറ്റും തിരക്കുകളില്‍ പെട്ടുപോയവര്‍ ഈ പട്ടിക കണ്ടതുമില്ല. മറ്റുള്ളവര്‍ ആനുകൂല്യം വാങ്ങി എന്നറിഞ്ഞപ്പോഴാണ് പലരും തങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന്് അറിയുന്നത്. ഇത് കോഴിക്കോടിന്റെ മാത്രം സങ്കടമല്ല.
പ്രകൃതിദുരന്തത്തില്‍ ജില്ലയില്‍ ഒട്ടാകെ 700 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതാണ് ജില്ലാ ദുരന്തനിവാരണ സമിതി ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് വീട്, മറ്റു സ്ഥാവരജംഗമ വസ്തുക്കളുടെ നഷ്ടങ്ങള്‍ക്കു പുറമേയാണ്. ഇത്തരം വ്യക്തിഗതനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിവരുന്നേയുള്ളൂ.
ഇപ്പോള്‍ നഷ്ടം കണക്കാക്കിയിട്ടുള്ള 700 കോടിയില്‍ ഏറ്റവും കൂടുതല്‍ തുക വേണ്ടിവരുക റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കാണ്. 300 കോടി രൂപയാണ് റോഡ് നിര്‍മാണങ്ങള്‍ക്കായി വേണ്ടിവരുക. നിര്‍മാണപ്രവൃത്തികളുടെ കൃത്യമായ എസ്റ്റിമേറ്റുകള്‍ തയ്യാറായിവരുന്നതേയുള്ളൂ. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ നിന്നു സര്‍ക്കാരിനു സമര്‍പ്പിച്ച കണക്കനുസരിച്ച് ഒരുകോടി 77 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണു വ്യക്തമാക്കുന്നത്. ഇതു പ്രാഥമികമായി സമാഹരിച്ച കണക്കാണ്. ഓരോ വ്യക്തികള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ അവരുടെ അപേക്ഷ പരിശോധിച്ചതിനുശേഷമേ നിശ്ചയിക്കാനാവൂ. സപ്തംബര്‍ 14 വരെ ക്രോഡീകരിക്കപ്പെട്ട കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് വാഴകൃഷി മേഖലയിലാണ്. വാഴകൃഷിയില്‍ 1,32,89,502 രൂപയുടെ നഷ്ടമാണു കണക്കാക്കിയത്. പ്രളയത്തെ തുടര്‍ന്ന് 266 ഹെക്റ്ററിലെ 6,66,645 വാഴകള്‍ നശിച്ചെന്നാണു കണക്ക്. 4.31 ഹെക്റ്ററിലായി 19,970 കവുങ്ങുകള്‍ നശിച്ചു, ഇതിന് 1,08, 384 രൂപയുടെ നഷ്ടമാണുള്ളത്. 5.16 ഹെക്റ്ററുകളിലെ കുരുമുളകുകൃഷിയാണ് നശിച്ച് കനത്ത സാമ്പത്തികനഷ്ടമാ ണുണ്ടായത്. 20.94 ഹെക്റ്ററിലെ റബര്‍ നശിച്ചയിനത്തി ല്‍ 20 ലക്ഷം രൂപയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ കൊക്കോ, ജാതി, ഗ്രാമ്പൂ, കപ്പ, പച്ചക്കറികള്‍, നെല്ല്്, കാപ്പി തുടങ്ങിയ കൃഷിനാശങ്ങള്‍ക്കും പ്രാഥമികമായ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
ചെറുകിട ജലസേചനപദ്ധതികള്‍ക്കു മാത്രം അഞ്ചുകോടി രൂപയാണ് കണക്കാക്കിയത്. കണ്ണപ്പന്‍കുണ്ട്, പുതുപ്പാടി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചെറുകിട ജലസേചനപദ്ധതികള്‍ക്ക് തുക വിനിയോഗിക്കേണ്ടിവരുക. ഇടിഞ്ഞുപോയ പുഴഭിത്തികളുടെ പുനര്‍നിര്‍മാണം, ചെക്ഡാമുകളുടെ പ്രവൃത്തി എന്നിവ മാത്രമാണ് ഈ തുകയില്‍ ഉള്‍പ്പെടുക. വീടുകള്‍ക്കു ഭീഷണിയാവുന്നതരത്തില്‍ കേടുപാടു പറ്റിയ കനാലുകള്‍, മറ്റു പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതരത്തില്‍ നാശം വന്ന പദ്ധതികള്‍ എന്നിവയുടെ നഷ്ടം മാത്രമാണു കണക്കാക്കിയിട്ടുള്ളത്. വളരെ പെട്ടെന്നു ചെയ്തുതീര്‍ക്കേണ്ട പദ്ധതികളുടെ കണക്കു മാത്രമാണ് വകുപ്പ് ഇതുവരെ ക്രോഡീകരിച്ചത്. വിശദമായ നഷ്ടങ്ങളുടെ കണക്ക് എടുത്തുവരുന്നതേയുള്ളൂ.

(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്്: കെ വി ഷാജി സമത

Next Story

RELATED STORIES

Share it