'പ്രളയത്തിന്റെ മറവില്‍ പീഡനക്കേസുകള്‍ സര്‍ക്കാരും സിപിഎമ്മും ഒതുക്കുന്നു'

കോഴിക്കോട്: പ്രളയദുരന്തത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും മറവില്‍ സംസ്ഥാനത്തെ സ്ത്രീപീഡനക്കേസുകള്‍ സര്‍ക്കാരും സിപിഎമ്മും ഒതുക്കുകയാണെന്ന് റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്‍ വേണു വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ പരാതി നല്‍കി രണ്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഈ മാസം 12ന് ജലന്ധറിലെ ബിഷപ്പിന്റെ അരമനയിലേക്ക് റവല്യൂഷനറി മഹിളാ ഫെഡറേഷന്‍ മാര്‍ച്ച് നടത്തും. അറസ്റ്റ് ചെയ്യുന്നതുവരെ കേരളത്തില്‍ പ്രതിഷേധപരിപാടികള്‍ നടത്തും. രാഷ്ട്രീയക്കാര്‍ പീഡിപ്പിച്ചാല്‍ പാ ര്‍ട്ടി അന്വേഷണം മതിയെന്നാണ് പി കെ ശശിക്കെതിരേയുള്ള പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ വാദം. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭീഷണി അപഹാസ്യമാണ്. നിരവധി പീഡനക്കേസുകളില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ ശശിക്കെതിരേ പരാതി കിട്ടിയാലേ നടപടി സ്വീകരിക്കൂവെന്നു പറയുന്നത് ഇരട്ടത്താപ്പാണ്. പി കെ ശശി എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. പീഡനത്തിനിരയായ പെണ്‍കുട്ടി കോടിയേരിക്കു നല്‍കിയ പരാതി പോലിസിന് കൈമാറണം. ജയലളിതയും ലാലുവും ജയിലില്‍ പോയപ്പോള്‍പ്പോലും ഭരണനിര്‍വഹണ ചുമതലയില്‍ കാണിച്ച മഹാമനസ്‌കത പിണറായി വിദേശത്തു പോവുമ്പോള്‍ കാണിക്കേണ്ടതായിരുന്നു. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 10നു പ്രതിഷേധദിനമായി ആചരിക്കും. സെന്‍ട്രല്‍ സ്റ്റാന്റിങ് കമ്മിറ്റി അംഗം കെ എസ് ഹരിഹരനും പങ്കെടുത്തു.

Next Story

RELATED STORIES

Share it