പ്രളയത്തിനു മുമ്പും പിമ്പുമുള്ള സ്ഥിതിയറിയാന്‍ സംവിധാനം

തിരുവനന്തപുരം: കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തില്‍പ്പെട്ട ഓരോ സ്ഥലത്തെയും പ്രളയസ്ഥിതിയും പൂര്‍വസ്ഥിതിയും സാധാരണക്കാര്‍ക്കു പോലും ഒറ്റയടിക്ക് മനസ്സിലാവുന്ന തരത്തിലുള്ള ഭൗമ വിവര സംവിധാനം (ജിഐഎസ്) സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെ സ്വന്തമായി വികസിപ്പിച്ചെടുത്തു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഏതു സ്ഥലവും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഈ വെബ്-ജിഐഎസ് ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ ഭൂപടം അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ സ്ലൈഡര്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കിയാല്‍ ഒരു നിശ്ചിത സ്ഥലത്തെ പ്രളയസ്ഥിതിയും അതിനുമുമ്പുള്ള സ്ഥിതിയും ഏറ്റവും ചെറിയ സ്ഥലത്തേക്കു പോലും മനസ്സിലാക്കാനാവും. പ്രളയ നഷ്ടപരിഹാരത്തിനുള്ള വ്യാജമായ അവകാശവാദങ്ങള്‍ പെട്ടെന്നു മനസ്സിലാക്കാന്‍ സഹായിക്കുമെന്നുള്ളതാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്ന് ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഗൂഗ്ള്‍ മാപ്പ് അടിസ്ഥാനമാക്കിയതും ഈ സംവിധാനം കേരളത്തിലാകമാനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും ചിത്രങ്ങളുടെ വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതും സെര്‍ച്ച് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞതുമാണ് ഐഐഐടിഎംകെ ടീമിന്റെ മേന്‍മ. വിഷ്ണു കബില്‍, ലാല്‍ പ്രകാശ്, ശരത് സക്കറിയ, നിഷ വിജേഷ് എന്നിവരാണ് ഈ ടീമിലെ മറ്റ് അംഗങ്ങള്‍.
Next Story

RELATED STORIES

Share it