Flash News

പ്രളയക്കെടുതിയില്‍ കേരളത്തോടുള്ള അവഗണന; പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്‌

കോഴിക്കോട്: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ഘടകം 10ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ 400ഓളം പേര്‍ മരിച്ചു. അനേകം പേര്‍ ജീവച്ഛവങ്ങളായി. നിരവധി പേര്‍ക്ക് കിടപ്പാടവും ജീവിതോപാധികളും നഷ്ടമായി. സാമ്പത്തിക നഷ്ടം എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. ഈ ദുരന്തഘട്ടത്തില്‍ അര്‍ഹമായ സഹായവും മതിയായ പരിഗണനയും നല്‍കുന്നതിനു പകരം രാഷ്ട്രീയ വൈരം തീര്‍ക്കുന്ന വിവേചനപരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ കേന്ദ്ര ഭരണകൂടം നിഷ്‌കരുണം തള്ളി. ഐക്യരാഷ്ട്ര സഭയും കേരള ജനതയെ സ്നേഹിക്കുന്ന രാജ്യങ്ങളും പ്രഖ്യാപിച്ച സഹായങ്ങള്‍ പോലും ദുരഭിമാനത്തിന്റെ പേരില്‍ നിഷേധിക്കുന്നു. 20,000 കോടിയിലധികം നഷ്ടം കണക്കാക്കുന്ന ദുരന്തത്തിന്റെ ഭീകരത നേരില്‍ കണ്ടതിനു ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി കേരളീയരെ ഒന്നടങ്കം പരിഹസിക്കുന്നതിനു തുല്യമാണ്. ഇതിലേറെ വേദനിപ്പിക്കുന്നതാണ് കേന്ദ്രം കേരളത്തിന് പ്രത്യേകമായി അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും തുക പ്രഖ്യാപിത സംഖ്യയില്‍ നിന്നു വെട്ടിക്കുറയ്ക്കുന്നുവെന്ന വാര്‍ത്ത. കേന്ദ്രം കേരളത്തില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്റെ ചെറിയൊരു ശതമാനം പോലും നല്‍കാന്‍ തയ്യാറായിട്ടുമില്ല. പൊങ്ങച്ച പ്രകടനത്തിനു വേണ്ടി വിദേശ രാജ്യങ്ങള്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്യുകയും മണ്‍മറഞ്ഞവരുടെ പ്രതിമാ നിര്‍മാണത്തിനു കോടികള്‍ വകയിരുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ അതിജീവന ശ്രമങ്ങളോട് പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്.സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് ഒന്നിലേറെ തവണ സന്ദര്‍ശനാനുമതി നിഷേധിച്ചു. സംസ്ഥാനത്തിന്റെ സര്‍വകക്ഷി സംഘത്തെ സ്വന്തം പാര്‍ട്ടി താല്‍പര്യത്തിന്റെ പേരില്‍ അപമാനിച്ച് തിരിച്ചയച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളഘടകത്തില്‍ നിന്നുണ്ടായത്. ഈ സാഹചര്യത്തില്‍ കേരള ജനതയുടെ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരിഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി സംബന്ധിച്ചു.

Next Story

RELATED STORIES

Share it