പ്രളയം വരുമ്പോള്‍ കുറേപേര്‍ മരിക്കും; വിവാദ പ്രസ്താവനയുമായി മന്ത്രി മണി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി സംബന്ധിച്ച് മന്ത്രി എം എം മണി നടത്തിയ പ്രസ്താവന വിവാദമാവുന്നു.
പ്രളയം വരുമ്പോള്‍ കുറേപേര്‍ മരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ നൂറ്റാണ്ടിലും സംസ്ഥാനത്ത് പ്രളയമെത്തും. അതില്‍ കുറേപേര്‍ മരിക്കും. കുറേപേര്‍ ജീവിക്കും. എന്നാല്‍, ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യസൃഷ്ടിയാവുന്നത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. 400ഓളം പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പതിനായിരക്കണക്കിന് വീടുകള്‍ പോയി. കന്നുകാലികള്‍ പോയി. ഞങ്ങളെന്തെങ്കിലും ചെയ്തിട്ടാണോ മഴ വന്നത്. മഴയില്ലെങ്കില്‍ വരള്‍ച്ച. ഇതൊക്കെ പ്രകൃതിസൃഷ്ടിയാണ്. നൂറ്റാണ്ടുകള്‍ കൂടുമ്പോഴാണ് ഇത്തരം വലിയ പ്രളയം വരുന്നത്. ഇനി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും പ്രളയം വന്നെന്നുവരാം. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനു കാരണം കൈയേറ്റങ്ങളാണോയെന്ന ചോദ്യത്തിന് ഗ്രഹണസമയത്ത് ഞാഞ്ഞൂലുകള്‍ക്കും വിഷമുണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. മാധവ് ഗാഡ്ഗില്‍, പി ടി തോമസ് എന്നിവരുടെ ലേഖനങ്ങളിങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. അതിനോടൊന്നും പ്രതികരിക്കാന്‍ സമയമില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ സബ്കലക്ടര്‍ക്ക് ഒഴിപ്പിക്കാന്‍ പറ്റാതിരുന്നത് പ്രകൃതി ഒഴിപ്പിച്ചുവെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ അങ്ങനെ ആരെല്ലാം എന്തെല്ലാം പറയുന്നു. അതിനെല്ലാം ഞാന്‍ പ്രതികരിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് വേറെ പണിയുണ്ട്. 1924ല്‍ ഉണ്ടായതിനേക്കാള്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് വിമര്‍ശകരൊന്നും പറയുന്നില്ല. അത് മറച്ചുവച്ചിട്ടാണ് പ്രളയം മനുഷ്യസൃഷ്ടിയാണെന്ന കാര്യം സ്ഥാപിക്കാനായി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു
. ജലമന്ത്രി മാത്യു ടി തോമസുമായി സംയുക്ത വാര്‍ത്താസമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം. മന്ത്രിമാരായ എം എം മണിയും മാത്യു ടി തോമസും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണത്തിനു മറുപടിയായിട്ടായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം.

Next Story

RELATED STORIES

Share it