പ്രളയം: ലോകബാങ്കിന്റെ 500 മില്യണ്‍ ഡോളര്‍ സഹായ വാഗ്ദാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് 500 മില്യണ്‍ ഡോളറിന്റെ (3683 കോടി) സാമ്പത്തികസഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു.
അടിയന്തര സഹായമായി 55 മില്യണ്‍ ഡോളര്‍ ആദ്യഘട്ടത്തില്‍ കേരളത്തിന് ലഭിക്കും. ഇന്നലെ രാവിലെ ലോകബാങ്ക് പ്രതിനിധികള്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സഹായം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടൊപ്പം സാങ്കേതികവും സാമ്പത്തികവുമായ സഹായം വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയദുരന്തം വിലയിരുത്തി തയ്യാറാക്കിയ റിപോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ലോകബാങ്ക് സംഘം അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍നിര്‍മാണ രൂപരേഖയ്ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു. ഇന്ത്യക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയനുസരിച്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് വിശാലമായ മേഖലകളില്‍ സഹായം ലഭ്യമാക്കും. ഈ പദ്ധതിയില്‍ കേരളത്തെയും പഞ്ചാബിനെയുമാണ് ആദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകബാങ്കിന്റെ പുതിയ രീതി അനുസരിച്ച് സംസ്ഥാന ബജറ്റിലെ പദ്ധതികള്‍ക്കും നിലവില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഫലം വിലയിരുത്തി അതിലേക്കും വായ്പ നല്‍കാനാവും. സംസ്ഥാനത്തിന്റെ നിര്‍ദേശം പരിഗണിച്ചശേഷമായിരിക്കും അന്തിമ റിപോര്‍ട്ട് തയ്യാറാക്കുക.
ഗതാഗതം, ഗ്രാമ-നഗര വികസനം, ജലവിഭവം, ജീവനോപാധി തുടങ്ങി വിവിധ മേഖലകളിലെ നഷ്ടവും ബാധിക്കപ്പെട്ട ജനങ്ങളുടെ എണ്ണവും ലോകബാങ്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍ ലോകബാങ്ക് പ്രതിനിധികള്‍ അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, സാമൂഹികനീതി, പൊതുമരാമത്ത് തുടങ്ങിയ മേഖലകളെക്കുറിച്ചു ചര്‍ച്ച ചെയ്തു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശമലയാളികളുടെ സഹായം സ്വരൂപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു.
എന്നാല്‍, സഹായം ലഭിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഈ തുക കേരളത്തിന് ലഭിക്കൂ.

Next Story

RELATED STORIES

Share it