Flash News

പ്രളയം രൂക്ഷമായ ദിവസം കെപിഎംജിക്ക് നല്‍കിയത് മറ്റൊരു വമ്പന്‍ കരാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം കൊടുമ്പിരിക്കൊണ്ടുനിന്ന ആഗസ്ത് 17ന് കെപിഎംജിക്ക് 66 ലക്ഷത്തിന്റെ കരാര്‍ നല്‍കിയതായി രേഖ പുറത്തുവന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്.
നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിനാണ് 66 ലക്ഷത്തിന്റെ കരാര്‍ കെപിഎംജിക്ക് നല്‍കിയത്. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സിന്റെ വെബ് പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും രൂപകല്‍പനയും ഇംപ്ലിമെന്റേഷനും കെപിഎംജി നിര്‍വഹിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തേ കെഎസ്‌ഐഡിസി സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ സര്‍വീസിന്റെ എം-പാനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട കണ്‍സള്‍ട്ടന്‍സിയായാണ് കെപിഎംജിയെ തിരഞ്ഞെടുത്തിരിക്കുന്നത്. നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് 66 ലക്ഷത്തിന്റെ കരാര്‍ കെപിഎംജിക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന് ഇത്രയും രൂപ വേണോ എന്നും അദ്ദേഹം ചോദിച്ചു. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞ് വന്‍തുകയ്ക്ക് കെപിഎംജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നല്‍കിയത്. ആരുടെ താല്‍പര്യമാണ് ഇതില്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെപിഎംജിയുമായി സംസ്ഥാന സര്‍ക്കാരിനുള്ള ബന്ധം എന്താണെന്നു വ്യക്തമാക്കണം. സൗജന്യമായി കണ്‍സള്‍ട്ടന്‍സി ജോലി ചെയ്യാന്‍ തയ്യാറായി കെപിഎംജി മുന്നോട്ടുവന്നതിനാല്‍ അവര്‍ക്ക് കരാര്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍, അത്രയും നിര്‍ദോഷ ഇടപാടാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it