പ്രളയം കാര്‍ഷിക മേഖലയില്‍ 5000 കോടിയിലധികം നഷ്ടമുണ്ടാക്കി: മന്ത്രി

ആലുവ: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയം കാര്‍ഷിക മേഖലയില്‍ മാത്രം 5000 കോടിയിലേറെ രൂപയുടെ വിളനാശം ഉണ്ടാക്കിയിട്ടുണ്ടെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍. അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരളയും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി 'പുനര്‍ജ്ജനി' എന്നപേരില്‍ ആലുവ തോട്ടുമുഖം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച ഏകദിന കാര്‍ഷിക ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണക്കാക്കാന്‍ സാധിക്കാത്ത അത്രയും നാശനഷ്ടങ്ങളാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ളത്. മാനദണ്ഡങ്ങള്‍ക്കതീതമായ സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയെ പുനര്‍നിര്‍മിക്കുന്നതിനായി കൃഷി ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കും. പച്ചക്കറിയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ആസൂത്രണം നടന്നുകൊണ്ടിരിക്കുകയാണ്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് തകര്‍ന്നുപോയ കാര്‍ഷിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയാനന്തരം കര്‍ഷകര്‍ക്കാശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച കേരള കാര്‍ഷിക സര്‍വകലാശാലയേയും കൃഷി ഓഫിസര്‍മാരുടെ സംഘടനയേയും മന്ത്രി അഭിനന്ദിച്ചു. കേരളത്തില്‍ നിര്‍ബന്ധമായും വിള ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്നും ജനകീയമായ ഇടപെടല്‍ ഇതിലാവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിളകളെ ഇന്‍ഷുര്‍ ചെയ്യിക്കാന്‍ കൃഷി ഓഫിസര്‍മാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ 'പ്രളയാനന്തരം വിളകള്‍ക്കു വേണ്ട പരിപാലനമുറകള്‍' എന്ന കൃഷിവകുപ്പ് പ്രസിദ്ധീകരണത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. ആദ്യ കോപ്പി ആലുവ എംഎല്‍എ അന്‍വര്‍സാദത്ത് ഏറ്റുവാങ്ങി. അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരള പ്രസിഡന്റ് ഷാജന്‍ മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആശാ രവി, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ മായാ എസ് നായര്‍, അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരള ജനറല്‍ സെക്രട്ടറി കെ പി സുരേഷ്, ജില്ലാ പ്രസിഡന്റ് ലിസി ആന്റണി സംസാരിച്ചു.



Next Story

RELATED STORIES

Share it