thrissur local

പ്രളയം:അനര്‍ഹര്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റിയത് അന്വേഷിക്കും

ചാലക്കുടി: പ്രളയം ബാധിച്ചവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സഹായങ്ങള്‍ അനര്‍ഹരായവര്‍ കൈപറ്റിയെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അന്വേഷണം നടത്തും.
ഇത് സംബന്ധിച്ച പഞ്ചായത്ത് യോഗത്തിന്റെ ശുപാര്‍ശ കളക്ടര്‍ക്കും റവന്യൂ വകുപ്പിനും സമര്‍പ്പിക്കും. ക്രമക്കേട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അടിയന്തിര പഞ്ചായത്ത് യോഗത്തിലാണ് മുഴുവന്‍ വാര്‍ഡുകളിലും അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാലിന്യ വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കൂടിയ യോഗത്തില്‍ ക്രമക്കേട് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനായി അടിയന്തിര പ്രമേയം അവതരിപ്പാന്‍ കോണ്‍ഗ്രസ്സിലെ ജോബി മാനുവല്‍ അനുമതി തേടിയിരുന്നു.
എന്നാല്‍ ഇതിന് പഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കിയില്ല. ഭരണപക്ഷത്തെ ജയരാജ് ആറ്റപ്പാടം, സിന്ധു ജയരാജ് എന്നിവര്‍ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയതോടെ പ്രസിഡന്റ് അടുത്ത ദിവസം പ്രത്യേക യോഗം ചേരാമെന്ന് ഉറപ്പ് നല്‍്കി. ഇതേതുടര്‍ന്നാണ് ഇന്നലെ യോഗം ചേര്‍ന്നത്.
പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ അനര്‍ഹരായ പലരേയും ചട്ടവിരുദ്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ്സിലെ ജോബി മാനുവല്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ഭരണപക്ഷത്തെ വനിതാ അംഗങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ യോഗം ബഹളമയമായി.
മുഴുവന്‍ വാര്‍ഡുകളിലും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സി.പി.എം അംഗങ്ങളായ ജയരാജ് ആറ്റപ്പാടവും സിന്ധു ജയരാജുമടക്കം ഭരണപക്ഷത്തെ മുഴുവന്‍ പേരും ഒറ്റകെട്ടായി അന്വേഷണം പന്ത്രണ്ടാം വാര്‍ഡില്‍ മാത്രം മതിയെന്ന് വാദിച്ചു.
ഇത് വീണ്ടും വലിയ വാക്കേറ്റത്തിനും ഒച്ചപ്പാടിനും വളിതെളിച്ചു. തുടര്‍ന്നാണ് മുഴുവന്‍ വാര്‍ഡുകളിലും അന്വേഷണം നടത്താന്‍ തീരുമാനമായത്. പ്രസിഡന്റ് കുമാരി ബാലന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it