kozhikode local

പ്രമുഖ കമ്പനികള്‍ എത്തിയില്ല; തൊഴില്‍ മേളയില്‍ സംഘര്‍ഷം

കോഴിക്കോട്: മുന്‍കൂട്ടി അറിയിച്ച കമ്പനികള്‍ പലതും എത്താത്തതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനി നടത്തിയ തൊഴില്‍മേളയില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. എച്ച്ആര്‍ ഇന്‍ഫോ കമ്പനിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തൊഴില്‍മേളയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. മേളയുടെ ഭാഗമായി സംഘാടകര്‍ 250 രൂപ രജിസ്—ട്രേഷന്‍ ഫീസ് വാങ്ങിയിരുന്നു. എന്നാല്‍ ബ്രോഷറിലോ ഇതുമായി ബന്ധപ്പെട്ട മറ്റ് പരസ്യങ്ങളിലോ രജിസ്ട്രേഷന്‍ ഫീസിനെ കുറിച്ച് പരാമശിച്ചിരുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.  പരസ്യത്തില്‍ പറഞ്ഞ കമ്പനികളില്‍ ഭൂരിഭാഗവും മേളയിലുണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. ചെറിയ കമ്പനികള്‍ മാത്രമാണ് മേളയില്‍ പങ്കാളികളായത്. ഇതില്‍ തന്നെ ചില കമ്പനികളുടെ ഫഌക്സ് ബോര്‍ഡുകള്‍ മാത്രമാണ് കണ്ടത്.
രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ അന്വേഷിക്കുമ്പോള്‍ കമ്പനികള്‍ അല്‍പ്പസമയത്തിനകം എത്തുമെന്നായിരുന്നു മറുപടി. അതിനിടെ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച രേഖകള്‍ ചവറ്റുകൊട്ടയില്‍ നിന്ന് ലഭിച്ചതോടെയാണ് ഉദ്യോഗാര്‍ഥികള്‍ അധികൃതര്‍ക്കെതിരേ രംഗത്തെത്തിയത്. ഇത് സംഘാടകരുമായി വാക്കേറ്റത്തിനിടയാക്കി. ഉദ്യോഗാര്‍ഥികളുമായി വാക്കേറ്റം നടക്കുന്നതിനിടെ സംഘാടകര്‍ രജിസ്—ട്രേഷനും നിര്‍ത്തി. ഇതോടെ പലരും തിരിച്ച് പോയി. കമ്പനികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് രജിസ്—ട്രേഷന്‍ ഫീ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി. ഇതിനിടെ പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികളില്‍ ഒരാളുടെ ചിത്രം അധികൃതരില്‍ ഒരാള്‍ പകര്‍ത്തിയത് വാക്കേറ്റത്തില്‍ കലാശിച്ചു. അതേസമയം സംഘാടകര്‍ക്കെതിരെ ചില ഉദ്യോഗാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു. അതേസമയം തൊഴില്‍മേളക്ക്  മുന്നോടിയായി പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് പ്രശ്—നങ്ങള്‍ക്കു കാരണമെന്ന് സംഘാടകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it