പ്രധാന ആശുപത്രികളില്‍ എലിപ്പനി വിഭാഗം; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും അടുത്ത ഒരു മാസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എലിപ്പനി ക്ലിനിക്ക് ആരംഭിക്കുന്നത് സംബന്ധിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്ന് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരില്‍ നിന്നാണ് അടിയന്തര റിപോര്‍ട്ട് തേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന രക്തപരിശോധനാ ലാബുകള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യത്തിലും ആരോഗ്യ വകുപ്പ് അധികൃതര്‍ റിപോര്‍ട്ട് നല്‍കണം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതിനെ തുടര്‍ന്ന് എലിപ്പനി പിടിപെട്ട് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച ഭര്‍ത്താവിനു വേണ്ടി ഭാര്യ കവടിയാര്‍ സ്വദേശിനി റീജ ഹഫീസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി, ഒപി എന്നിവിടങ്ങളില്‍ നിന്ന് അര കിലോമീറ്റര്‍ ദൂരെയാണ് മെഡിക്കല്‍ കോളജ് എസിആര്‍ ലാബ് പ്രവര്‍ത്തിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. കാഷ്വാലിറ്റി പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും മറ്റ് ആശുപത്രികളില്‍ എലിപ്പനി ക്ലിനിക്കും അനുവദിക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it