Flash News

പ്രധാനമന്ത്രിയുടെ നിലപാട് കാപട്യം: ശശി തരൂര്‍ എംപി

തിരുവനന്തപുരം: ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിന്താധാരകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ട പ്രധാനമന്ത്രി ഇന്ത്യന്‍ ഭരണഘടന തന്റെ വിശുദ്ധ പുസ്തകമാണെന്ന്് അവകാശപ്പെടുന്നത് തികഞ്ഞ കാപട്യമാണെന്ന് ഡോ. ശശി തരൂര്‍ എംപി. ഇന്ത്യന്‍ ഭൂപ്രദേശം ഹിന്ദുക്കളുടേതു മാത്രമാണെന്നും ആര്‍എസ്എസ് പരികല്‍പ്പന ചെയ്യുന്ന നിയമങ്ങള്‍ക്കനുസരിച്ച് ഇന്ത്യക്കാര്‍ ജീവിക്കണമെന്നുമുള്ള പിടിവാശിയാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്.
വാജ്‌പേയി സര്‍ക്കാര്‍ കേവല ഭൂരിപക്ഷം മാത്രമുള്ള മുന്നണി സര്‍ക്കാര്‍ ആയിരുന്നിട്ടും ഭരണഘടനാ റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചു. സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ സംയമനം പാലിക്കുന്ന ബിജെപിക്ക് 2019ല്‍ അത്തരത്തിലുള്ള ഭൂരിപക്ഷം ലഭിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തി ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കും. ഉപാധ്യായയെ ആരാധിക്കുമ്പോഴും അദ്ദേഹത്തിന്റെ ചിന്തകളോടും ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രപദ്ധതിയോടും തനിക്ക് വിയോജിപ്പാണെന്നു പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. അല്ലാത്ത കാലത്തോളം രാജ്യം അപകടത്തിന്റെ മുനമ്പിലാണെന്നു തന്നെപ്പോലുള്ളവര്‍ക്ക് നിരന്തരം വിളിച്ചുപറയേണ്ടിവരുമെന്ന് തരൂര്‍ പറഞ്ഞു.
കെപിസിസി വിചാര്‍ വിഭാഗ് സംഘടിപ്പിച്ച വൈ ഐ ആം എ ഹിന്ദു എന്ന പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിംസ് സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ഥികളും വായനക്കാരും ചര്‍ച്ചയില്‍ പങ്കെടുത്തു. അസഹിഷ്ണുതയല്ല, സഹിഷ്ണുതയാണ് ഹിന്ദുവെന്ന് ഉച്ചത്തില്‍ പറയേണ്ട സാഹചര്യമുള്ളതിനാലാണ് “ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’ എന്ന പുസ്തകം ഇപ്പോള്‍ രചിക്കേണ്ടിവന്നതെന്ന് തരൂര്‍ പറഞ്ഞു.
വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ കെ വിനോദ് സെന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗിരീഷ് പരുത്തി മഛം, സുമേഷ് കൃഷ്ണ, ശ്രീയുക്ത തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ശ്രീധരന്‍ നായര്‍, സി റാബി, ഇരുമ്പില്‍ ശ്രീകുമാര്‍, വിനീത് കൃഷ്ണ, അക്ബര്‍, എ സുഗുണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it