Flash News

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും കൂടിക്കാഴ്ച നടത്തി



കൊച്ചി: അലങ്കാര മല്‍സ്യകൃഷിയേയും വില്‍പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം. ലക്ഷക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍നടത്തിയ കൂടിക്കാഴചയില്‍ നല്‍കിയ നിവേദനത്തില്‍ ഇതുള്‍പ്പെടെ 17 ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേരളത്തിന് എയിംസ് അനുവദിക്കണം, വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം. ഫാക്ടില്‍ പുതിയ യൂറിയ പ്ലാന്റ്, അങ്കമാലി-ശബരി റെയില്‍വേ പദ്ധതി തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തില്‍ സ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം ചെയ്യണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുമായി മുമ്പ് നടത്തിയ ചര്‍ച്ചകളില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട് അതിന്റെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിലേക്ക് പദ്ധതിയുടെ വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആധുനിക ബയോ ടെക്‌നോളജിയുമായി കൂട്ടിയിണക്കി നിര്‍മിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന് എത്രയും വേഗം അനുമതിയും സാമ്പത്തിക സഹായവും അനുവദിക്കണം. എയിംസ് നിലവാരത്തിലുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് 200 ഏക്കര്‍ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യം ഉണ്ട്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണം. ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മലിനീകരണ രഹിതമായ വ്യവസായ വല്‍ക്കണത്തിനും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുമായി വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാവാന്‍ അതത് ഏജന്‍സികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. മേക്ക് ഇന്‍ ഇന്ത്യ കാംപയിനില്‍ ഉള്‍പ്പെടുത്തി ഫാക്ടില്‍ ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിച്ച് യൂറിയ പ്ലാന്റ് സ്ഥാപിക്കുന്നതിനും പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തണം. വളം മന്ത്രാലയം ഫാക്ടിന്റെ 600 ഏക്കര്‍ സ്ഥലം 1200 കോടി രൂപയ്ക്ക്് കേരളത്തിന് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it