Editorial

പ്രധാനമന്ത്രിക്കെതിരില്‍ പ്രതിഷേധജ്വാല ഉണര്‍ത്തുക

കേരളത്തിന്റെ ആവശ്യങ്ങളുമായി തന്നെ കാണാന്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തെ പരിഹാസോക്തികളോടെയാണ് പ്രധാനമന്ത്രി തിരിച്ചയച്ചത് എന്നത് ചാനലുകളിലും പത്രപംക്തികളിലും ചര്‍ച്ചചെയ്തവസാനിപ്പിക്കേണ്ട ഒന്നല്ല. പലതവണ കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച ശേഷമാണ് നരേന്ദ്രമോദിയുടെ തിരുവുള്ളമൊന്ന് കനിഞ്ഞത്. കാണാന്‍ ചെന്നപ്പോഴോ, ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്നു മാത്രമല്ല, കളിയാക്കി വിടുകയും ചെയ്തു. ഇന്ത്യ എന്ന രാഷ്ട്രം, അതിന്റെ ഭരണഘടനയിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ കശക്കിയെറിഞ്ഞ് കാറ്റില്‍ പറത്തിയിരിക്കുകയാണു പ്രധാനമന്ത്രി. സംസ്ഥാനത്തുടനീളം ആ നടപടിക്കെതിരായി പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുക തന്നെ വേണം.
സര്‍വകക്ഷിസംഘം ഉന്നയിച്ച ആവശ്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചോ, യുപിഎ ഗവണ്‍മെന്റ് പരിഗണിക്കാതെ കെട്ടിപ്പൂട്ടിവച്ച കാര്യങ്ങളാണ് അവ എന്ന ന്യായത്തെക്കുറിച്ചോ പറഞ്ഞ്, ചര്‍ച്ചകളെ വഴിതിരിച്ചുവിടുകയല്ല ഇപ്പോള്‍ വേണ്ടത്. കോച്ച് ഫാക്ടറി ഇപ്പോഴത്തെ അവസ്ഥയില്‍ റെയില്‍വേക്ക് വേണമായിരിക്കാം, വേണ്ടായിരിക്കാം. റേഷന്‍ വിഹിതം കൂട്ടുകയോ കൂട്ടാതിരിക്കുകയോ ചെയ്യാമായിരിക്കാം. അതല്ല പ്രശ്‌നം. ഒരു പ്രധാനമന്ത്രി, താന്‍ ഭരിക്കുന്ന നാട്ടിലെ ഒരു സംസ്ഥാനത്തു ജീവിക്കുന്ന സകലമാന ജനങ്ങളെയും അപമാനിച്ചു എന്നതാണ്. ഭരണഘടനയെയാണ് അദ്ദേഹം നിന്ദിച്ചത്. ഓശാരം വാങ്ങാന്‍ ചെന്നതൊന്നുമല്ല മുഖ്യമന്ത്രിയും സംഘവും; പക്ഷേ പ്രധാനമന്ത്രി അമ്മട്ടിലാണ് പെരുമാറിയത്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയും കാവിരാഷ്ട്രീയത്തെ നിരാകരിക്കുകയും ചെയ്യുന്ന ഒരു പ്രദേശത്തെ ജനങ്ങളോട് കൈക്കൊണ്ട പ്രതികാര നടപടിയാണിത്. മാത്രമല്ല, അതിലും ആഴത്തിലേക്ക് നരേന്ദ്രമോദിയുടെ നടപടികള്‍ക്ക് വേരുകളുമുണ്ട്. മോദിയെന്നല്ല, വിനായക് സവര്‍ക്കറും ഗുരു ഗോള്‍വാള്‍ക്കറും ദീന്‍ദയാല്‍ ഉപാധ്യായയുമൊന്നും തന്നെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ അംഗീകരിക്കുന്നവരല്ല. അഖണ്ഡ ഭാരത സങ്കല്‍പമാണ് അവരുടേത്. ഈ കേന്ദ്രീകൃത ഭരണസ്വരൂപത്തിന്റെ ശക്തിയൊന്നു പ്രയോഗിച്ചു കാണിക്കുകയാണ് മോദി ചെയ്തത്. ആവശ്യങ്ങളുന്നയിച്ചെത്തിയ ഒരു സംസ്ഥാനത്തു നിന്നുള്ള ജനപ്രതിനിധികളെ കളിയാക്കിവിട്ട ഈ ധാര്‍ഷ്ട്യത്തിന്റെ അടിവേരുകള്‍ നാം കാണാതിരിക്കരുത്.
അതും കഴിഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ച് ആവശ്യങ്ങളില്‍ പലതും അനുവദിച്ചതായി പറഞ്ഞുവത്രേ മോദി. ഒരു സംസ്ഥാനത്തിന്റെ പ്രതിനിധികളെ പരിഹസിച്ചുവിട്ടശേഷം തന്റെ മന്ത്രിസഭയിലെ നാക്കിന് നെറിയില്ലാത്തൊരു വിടുവായനെ വിളിച്ച് കാര്യം പറയുകയാണോ ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്? ഇങ്ങനെയൊരാള്‍ക്ക് മഹനീയമായ ആ സ്ഥാനത്തിരിക്കാന്‍ ഒരു യോഗ്യതയുമില്ല. പല പിന്‍വഴികളിലൂടെയും നൂണ്ടുകയറി പാര്‍ലമെന്റിലെത്തി ഇരിപ്പുറപ്പിച്ച ഏതാനും സംഘപരിവാര സഹയാത്രികരുണ്ടല്ലോ സംസ്ഥാനത്ത്. ഈ എംപിമാര്‍ പ്രധാനമന്ത്രിയെ ന്യായീകരിക്കുകയാണ്. സ്വന്തം നാട്ടുകാരെ അപമാനിച്ചുവിട്ട പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ കമാന്നൊരക്ഷരം മിണ്ടാന്‍ ചങ്കൂറ്റമില്ലാത്ത ഇവര്‍ ജനപ്രതിനിധികളാണെന്നൊക്കെ പറയുന്നത് ആര്‍ക്കു കൊള്ളാം!
Next Story

RELATED STORIES

Share it