Flash News

പ്രത്യക്ഷ സമരവുമായി കന്യാസ്ത്രീകള്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തില്‍ ഇതാദ്യമായി കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തെത്തി. കൊച്ചിയില്‍ ഹൈക്കോടതിക്കു സമീപം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയിലാണ് പീഡനത്തിനിരയായ കന്യാസ്ത്രീ താമസിച്ചിരുന്ന കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും കുടുംബാംഗങ്ങളും പങ്കെടുത്തത്. സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പോലിസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതികരിക്കാന്‍ തയ്യാറായതെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കന്യാസ്ത്രീകള്‍ പറഞ്ഞു. പരസ്യമായ പ്രതികരണം അനിവാര്യമായിരിക്കുന്നു. ഇനിയും മൗനം തുടരുന്നതില്‍ അര്‍ഥമില്ല. പീഡനത്തിനിരയായ സഹോദരിക്ക് നീതി ലഭിക്കുന്നതുവരെ പോരാടും. കൃത്യമായ തെളിവുകളുണ്ടായിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് വൈകുന്നത് എന്തിനാണെന്നും കന്യാസ്ത്രീകള്‍ ചോദിച്ചു. ബിഷപ് ഫ്രാങ്കോ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടണമെന്നും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍ ചൂണ്ടിക്കാട്ടി. ഫ്രാങ്കോ മുളയ്ക്കലിന്റെ പണക്കൊഴുപ്പാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും സഹോദരന്‍ പറഞ്ഞു. പീഡനം നടന്നതിനു വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ (ജെസിസി) ആരോപിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ബിഷപ്പിനെ സംരക്ഷിക്കുന്നതിലൂടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കളിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിലൂടെ പല ക്രമക്കേടുകളും പുറത്തുവരുമെന്നും ജെസിസി ചൂണ്ടിക്കാട്ടി. വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജെസിസി സംസ്ഥാന പ്രസിഡന്റ് ലാലന്‍ തരകന്‍ ഉദ്ഘാടനം ചെയ്തു. ജെസിസി ചെയര്‍മാന്‍ ഫെലിക്‌സ് ജെ പുല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ലി പൗലോസ്, ജോസഫ് വെളിവില്‍, ജോര്‍ജ് കട്ടിക്കാരന്‍, ഇന്ദുലേഖ ജോസഫ് സംസാരിച്ചു. അതിനിടയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണയ്ക്കുന്ന ചിലര്‍ സമരപ്പന്തലിനു സമീപമെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പോലിസ് നിരീക്ഷണത്തിയിരുന്നു സമരം. അതേസമയം, പീഡനത്തിനിരയായ കന്യാസ്ത്രീ ഇന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. പി സി ജോര്‍ജ് എംഎല്‍എയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നു പിന്‍മാറിയതെന്ന് സഹോദരന്‍ അറിയിച്ചു. പി സി ജോര്‍ജിന്റെ അധിക്ഷേപത്തിനെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. കൂടാതെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും. സര്‍ക്കാരില്‍ നിന്നും പോലിസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായാണ് ഇന്ന് കുറവിലങ്ങാട്ട് മഠത്തില്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. ആദ്യം പീഡനത്തിന് ഇരയായപ്പോള്‍ തന്നെ എന്തുകൊണ്ടാണ് കന്യാസ്ത്രീ ബിഷപ്പിനെതിരേ പരാതി നല്‍കാതിരുന്നതെന്നും കന്യാസ്ത്രീ കുഴപ്പക്കാരിയാണെന്നുമായിരുന്നു പി സി ജോര്‍ജിന്റെ അധിക്ഷേപം.







Next Story

RELATED STORIES

Share it