പ്രതി സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കണ്ണൂര്‍: ശുഹൈബ് വധവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കവെ കീഴടങ്ങിയ പ്രതികളില്‍ ഒരാള്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തായി.
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോടൊപ്പം തില്ലങ്കേരി സ്വദേശി ആകാശ് നില്‍ക്കുന്ന ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേസില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും പ്രതികള്‍ സിപിഎമ്മുകാരല്ലെന്നും ജില്ലാ സെക്രട്ടറിയും എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
ഈ വാദങ്ങളുടെ മുനയൊടിക്കുന്നതാണു പുറത്തുവന്ന ദൃശ്യങ്ങള്‍. ഇതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. പ്രതികള്‍ക്കു പാര്‍ട്ടി അംഗത്വമില്ലെന്നത് വെറും സാങ്കേതികത്വം മാത്രമാണ്. ഇവര്‍ക്ക് പാര്‍ട്ടിയുമായും നേതാക്കന്‍മാരുമായും ബന്ധമുണ്ടെന്നാണു വിവരം. കുടുംബാംഗങ്ങളും സജീവ സിപിഎം പ്രവര്‍ത്തകര്‍ തന്നെ. ആകാശിന്റെ മാതാപിതാക്കള്‍ സിപിഎം പ്രാദേശിക നേതാക്കളാണ്.
നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയതിനു ശേഷം ആകാശിനും റിജിന്‍ രാജിനും ഒളിവില്‍ കഴിയാന്‍ സിപിഎം സഹായം ചെയ്തുനല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്തെ സിപിഎം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആകാശ് പ്രവര്‍ത്തിച്ചിരുന്നത്. ശുഹൈബ് വധക്കേസില്‍ കീഴടങ്ങാനായി ഇവരെ മാലൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചതും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ തന്നെ.
Next Story

RELATED STORIES

Share it