പ്രതിഷേധ പരിപാടി: പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗരേഖ; നഷ്ടം നേതാക്കള്‍ നല്‍കണം

കെ എ സലിം

ന്യൂഡല്‍ഹി: പ്രതിഷേധ പരിപാടികളുടെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെ നഷ്ടപരിഹാരം പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്യുന്ന സംഘടനകളുടെ നേതാക്കളില്‍ നിന്നു തന്നെ ഈടാക്കണമെന്നും അത്തരം കേസുകളില്‍ നേതാക്കളെ 24 മണിക്കൂറിനുള്ളില്‍ നേരിട്ടു പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യംചെയ്യണമെന്നും സുപ്രിംകോടതി നിര്‍ദേശം.
പ്രതിഷേധ പരിപാടികളുടെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നത്.
വിളിപ്പിച്ചിട്ടും നേതാക്കള്‍ ഹാജരായില്ലെങ്കില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വിചാരണയുമായി മുന്നോട്ടുപോവണം. എട്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.
പ്രധാന നിര്‍ദേശങ്ങള്‍ : നാശനഷ്ടത്തിന് തുല്യമായ തുകയോ അതിന് ആനുപാതികമായ ഈടോ നല്‍കിയാല്‍ മാത്രമേ കേസുകളില്‍ ഉപാധികളോടെ പോലും ജാമ്യം അനുവദിക്കാവൂ. എല്ലാവരും പ്രത്യേകം ഈട് നല്‍കണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ ജില്ലാതലത്തില്‍ നോഡല്‍ ഓഫിസറെ നിയമിക്കണം. ജില്ലാതലങ്ങളില്‍ ദ്രുതകര്‍മസേനകളെ നിയമിക്കണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയവരാവണം സേനാംഗങ്ങള്‍.
പ്രത്യേക ഹെല്‍പ്‌ലൈന്‍ രൂപീകരിക്കണം. ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉടനടി ജനങ്ങളെ വിവരമറിയിക്കാന്‍ പോലിസിനു വെബ്‌സൈറ്റും ആപ്പും വേണം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ മാരകമല്ലാത്ത കണ്ണീര്‍വാതകം, ജലപീരങ്കി പോലുള്ളവ ഉപയോഗിക്കാം. ആവശ്യമാണെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ സാമൂഹികമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരാം. സമാധാനം പുനസ്ഥാപിക്കുന്നതിന് സഹായിക്കുന്ന, തെറ്റിദ്ധാരണകള്‍ പരത്തുന്നത് തടയുന്ന വീഡിയോദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിക്കാന്‍ നോഡല്‍ ഓഫിസര്‍ ശ്രമിക്കണം. ഇവ ടെലിവിഷന്‍ ചാനലുകള്‍ മുഖേനയും പരസ്യപ്പെടുത്തണം.
ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതോ പ്രേരിപ്പിക്കുന്നതോ ആയ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി വേണം. ഇത്തരം സംഭവങ്ങളില്‍ നിശ്ചിതസമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ വീഴ്ചയായി കണക്കാക്കി വകുപ്പുതല നടപടി സ്വീകരിക്കണം.

Next Story

RELATED STORIES

Share it