malappuram local

പ്രതിരോധ കുത്തിവയ്പ്നിരുല്‍സാഹപ്പെടുത്തുന്നത് സമൂഹിക മാധ്യമങ്ങളെന്ന് പഠനം

മലപ്പുറം: ജില്ലയില്‍ പ്രതിരോധ കുത്തിവയ്പിനെ നിരുല്‍സാഹപ്പെടുത്തുന്നത് മതങ്ങളല്ലെന്നും സമൂഹ മാധ്യമമാണെന്നും പഠന റിപോര്‍ട്ട്. ലോക ആരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘പ്രതിരോധ കുത്തിവയ്പ്പും സമൂഹ മാധ്യമങ്ങളും’ വിഷയത്തിലാണ് പഠനം നടത്തിയത്.
സമൂഹ മാധ്യമത്തിലൂടെയുള്ള കുപ്രചാരണങ്ങളാണ് പ്രതിരോധകുത്തിവയ്‌പെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ ജനങ്ങളെ കൂടുതല്‍ സ്വാധീനിച്ചതെന്നും റിപോര്‍ട്ട് പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവയ്പ് നടത്തിയ ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തും കുറവ് രേഖപ്പെടുത്തിയ വട്ടംകുളം പഞ്ചായത്തും കേന്ദ്രീകരിച്ചായിരുന്നു ഒന്നര വര്‍ഷം നീണ്ട പഠനം നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, മത നേതാക്കള്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, പ്രകൃതി ചികില്‍സകര്‍, പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തതും എടുക്കാത്തതുമായ കുട്ടികളുടെ മാതാപിതാക്കള്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിലൂടെയും പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട വീഡിയോകള്‍, വാട്‌സ്ആപ്പ് ഓഡിയോ/ടെക്സ്റ്റുകള്‍, പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ബ്രോഷര്‍, ഫഌക്‌സ്, സ്റ്റിക്കര്‍, ബുക്ക്‌ലെറ്റ് തുടങ്ങിയവ വിശകലനം ചെയ്തുമാണ് പഠന റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ചാലിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനൂപ് ടി എന്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയുള്ള കുപ്രചാരണങ്ങള്‍ ഈ മേഖലകളിലെ ഡോക്ടര്‍, രോഗി ബന്ധത്തെ വലിയ തോതില്‍ ബാധിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവയ്പ് ഓട്ടിസത്തിനു കാരണമാവുന്നുവെന്നും പ്രതിരോധ കുത്തിവയ്പുകള്‍ ജനസംഖ്യ നിയന്ത്രണത്തിനുള്ളതാണെന്നുമുള്ള നിരവധി തെറ്റിദ്ധാരണകള്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആയുര്‍വേദം, ഹോമിയോ, അലോപ്പതി, സിദ്ധ, യൂനാനി തുടങ്ങിയ ചികില്‍സാ സമ്പ്രദായങ്ങളെ ഏകോപിപ്പിക്കുന്നതിലുള്ള പാളിച്ചകളും കുത്തിവയ്പിനെ പ്രതികൂലമായി ബാധിച്ചു. വീടുകളിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഇവിടുത്തെ കുട്ടികളുടെ പിതാക്കന്‍മാര്‍ ഭൂരിഭാഗവും വിദേശത്തു ജോലി ചെയ്യുന്നവരാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ സന്ദേശങ്ങള്‍ ഇവരെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നും പിന്നീട് ഇവര്‍ കുത്തിവയ്പിനെ നിരുല്‍സാഹപ്പെടുത്തുന്നതിന് കാരണമായെന്നും പഠന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



Next Story

RELATED STORIES

Share it