kannur local

പ്രതിപക്ഷ ബഹളം; പ്രതിഷേധ പ്രമേയത്തില്‍ ഭേദഗതി

കണ്ണൂര്‍: കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധക്കാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെതിരേ അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെ ചൊല്ലിയും ബഹളം. എല്‍ഡിഎഫ് കക്ഷിനേതാവ് എന്‍ ബാലകൃഷ്ണന്‍ മാസ്റ്ററാണ് പ്രമേയം അവതരിപ്പിച്ചത്. സംഭവത്തെ അപലപിക്കുന്നതായും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരാഭാസം നടത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന പ്രമേയം അംഗീകരിച്ചതായി മേയര്‍ ഇ പി ലത വ്യക്തമാക്കി.
എന്നാല്‍ പ്രശ്‌നത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പറയാന്‍ പാടില്ലെന്നും പ്രതിഷേധക്കാരില്‍ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും ഉണ്ടായിരുന്നതായും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് നേതാവ് ടി ഒ മോഹനന്‍ പറഞ്ഞു. വിഷയത്തെ പൊതുവികാരമായി കാണണം. മേയര്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, വിട്ടുകൊടുക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ രാവിലെ പയ്യാമ്പലത്തെത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ ചിലരാണ് രാഷ്ട്രീയപ്രേരിതമായി പ്രശ്‌നം സൃഷ്ടിച്ചതെന്നും എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.
പയ്യാമ്പലം ഉള്‍പ്പെടുന്ന ഡിവിഷന്‍ കൗണ്‍സിലറെന്ന നിലയില്‍ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് അപാകതകള്‍ സംഭവിച്ചതായി ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രമേയത്തില്‍ ഭേദഗതി വരുത്തി.
മേയറെയും കൗണ്‍സിലര്‍മാരെയും കൈയേറ്റം ചെയ്ത ഒരുസംഘത്തിന്റെ നടപടിയില്‍ ശക്തമായി അപലിക്കുന്നതായും പോലിസ് നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. എന്നാല്‍, കൈയേറ്റം ചെയ്തുവെന്ന പരാമര്‍ശം ഒഴിവാക്കണമെന്ന ടി എ മോഹനന്റെ ആവശ്യം മേയര്‍ നിരാകരിച്ചു.
Next Story

RELATED STORIES

Share it