പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭ ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭയില്‍ വിഷയങ്ങള്‍ ഉന്നയിച്ച് സംസാരിക്കാന്‍ സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. തങ്ങളുടെ വിഷയങ്ങള്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അനുവദിക്കുന്നില്ലെന്ന്് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും പകല്‍വെളിച്ചത്തില്‍ ജനാധിപത്യത്തെ കേന്ദ്രം കശാപ്പു ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയേന്‍ പറഞ്ഞു. അഭൂതപൂര്‍വമായ സംഭവങ്ങളാണ് ഇന്നലെ രാവിലെ രാജ്യസഭയില്‍ അരങ്ങേറിയതെന്നും 1950ന് ശേഷം ഇന്നേവരെ രാജ്യത്ത് നടക്കാത്തതാണിവയെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പാരമ്പര്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ചെയ്യുന്നതെന്നും ടിഎംസി നേതാവ് പറഞ്ഞു. സഭാ നടപടികളുടെ ചട്ടലംഘനമാണ് രാജ്യസഭാ അധ്യക്ഷന്‍ നടത്തുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും പാര്‍ലമെന്റിന് പുറത്ത് വ്യക്തമാക്കി. രാജ്യസഭ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കറും രാജ്യസഭാധ്യക്ഷനും ഇവ തള്ളി. രാജ്യസഭയില്‍ ശൂന്യവേള നിര്‍ത്തിവച്ച് തങ്ങളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അകാലിദള്‍, തെലുഗു ദേശം പാര്‍ട്ടി എന്നിവരും രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാജ്യസഭാ അധ്യക്ഷന്‍ ഇവ തള്ളിയതിനെ തുടര്‍ന്ന് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതേത്തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. അതേസമയം, ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ലോക്‌സഭാ നടപടികളും ഇന്നലെ തടസ്സപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ ടിഡിപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്നലെ ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടത്. ആന്ധ്രപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും 2018-19 ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചുവെ ന്നും ആരോപിച്ചാണ് ഭരണ സഖ്യത്തിലെ ഘടക കക്ഷിയായ ടിഡിപിയുടെ അംഗങ്ങള്‍ ഇന്നലെ ലോക്‌സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അമരാവതിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിളിച്ചു ചേര്‍ത്ത ടിഡിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആസൂത്രണം ചെയ്തതനുസരിച്ചാണ് ഇന്നലെ ടിഡിപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. സഭയില്‍ നിന്ന് പുറത്താക്കുന്നതുവരെ സഭാ നടപടികള്‍ അലങ്കോലപ്പെടുത്തണമെന്ന നിര്‍ദേശമാണ് ടിഡിപി അംഗങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡു നല്‍കിയിരിക്കുന്നത്. അതിനിടെ, ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ഇന്നും നാളെയും ബിജെപിയുടെ മുഴുവന്‍ എംപിമാരും ലോക്‌സഭയില്‍ ഹാജരാവണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it