ernakulam local

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു

കോതമംഗലം: നിര്‍മാണം പൂര്‍ത്തിയായ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ഓഫിസുകള്‍ മാറ്റുന്നത് സംബന്ധിച്ച് തര്‍ക്കം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു. മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിന് വിട്ടുനല്‍കിയ സ്ഥലത്തിന് പകരം നഗരസഭ ഓഫിസ് പരിസരത്തെ ഒഴിഞ്ഞു പോവുന്ന ഓഫിസുകളുടെ സ്ഥലം ലഭിക്കണമെന്ന ആവശ്യത്തിന്‍മേല്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. റവന്യൂമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച കലക്ടറുടെ സാന്നിധ്യത്തില്‍ എംഎല്‍എയും നഗരസഭ ചെയര്‍പേഴ്‌സണും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓഫിസുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. കോണ്‍ഗ്രസുകാരിയായ നഗരസഭ ചെയര്‍പേഴ്‌സണിന്റെ നിലപാടിനെതിരേ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി രംഗത്ത് വരികയും ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കലക്ടര്‍ക്ക് മുന്നില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിറകോട്ട് പോയി എന്നാരോപിച്ച് പ്രതിപക്ഷം ചെയര്‍പേഴ്‌സണെ ഉപരോധിച്ചു. കെ എ നൗഷാദ്, കെ വി തോമസ്, ഹരി എന്‍ വൃന്ദാവന്‍, പി ആര്‍ ഉണ്ണി, സിജുതോമസ്, പ്രിന്‍സി എല്‍ദോസ്, പ്രസന്ന മുരളിധരന്‍, ലിസി പോള്‍, മേരി പൗലോസ്  ഉപരോധത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it