പ്രതിപക്ഷ ഐക്യം സാധ്യം; ചന്ദ്രബാബു നായിഡു

അമരാവതി (ആന്ധ്രപ്രദേശ്): ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ—ക്കെതിരായ പ്രതിപക്ഷ ബദല്‍ സ്വമേധയാ രൂപപ്പെട്ടുവരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു. അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനായില്ലെങ്കില്‍ പോലും പ്രതിപക്ഷ കക്ഷികള്‍ സ്വമേധയാ ഐക്യപ്പെടുമെന്ന് നായിഡു പറഞ്ഞു. എന്‍ഡിഎ ഘടകകക്ഷിയായിരുന്ന ടിഡിപി ഈവര്‍ഷം തുടക്കത്തിലാണ് മുന്നണി വിട്ടത്.
ആന്ധ്രാ-തെലങ്കാനാ വിഭജനശേഷം ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പുറത്തുപോക്ക്. മോദി സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്ക് കനത്ത രോഷമുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ താന്‍ പ്രശ്‌നമൊന്നും കാണുന്നില്ലെന്നും നായിഡു വ്യക്തമാക്കി.
മുന്നണി രൂപീകരണത്തിനായി മറ്റു പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണ്. അടുത്തിടെ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റു പാര്‍ട്ടികളുമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങല്‍ ചര്‍ച്ചചെയ്‌തെന്നും നായിഡു അറിയിച്ചു.

Next Story

RELATED STORIES

Share it