ernakulam local

പ്രതികളെ കണ്ടെത്താനാവാതെ പോലിസ്

അങ്കമാലി: ദേശീയപാതയോരത്ത് അങ്കമാലി പോലിസ് സ്‌റ്റേഷനു സമീപം ഫ്രൂട്‌സ് കട വരാന്തയില്‍  കൊലപാതകം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്തുന്നതിനോ കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനോ കഴിയാതെ പോലിസ്.
കഴിഞ്ഞ പതിനൊന്നിന് പുലര്‍ച്ചെയാണ് പോലിസ് സ്‌റ്റേഷനു സമീപം കടവരാന്തയില്‍ തലയില്‍ കല്ലിനിടിയേറ്റ് ചാലക്കുടി കുറ്റിച്ചിറ ചാലപറമ്പന്‍ സത്യനെ മരിച്ച നിലയില്‍ കണ്ടത്തിയത്.  ഇരുപതു വര്‍ഷത്തിലധികമായി അങ്കമാലി ടൗണില്‍ ചെരുപ്പുകുത്തി ഉപജീവനം തേടുന്നയാളായിരുന്നു സത്യന്‍  നല്ലവണ്ണം മദ്യപിക്കുന്ന സത്യന്‍ ജോലിക്കു ശേഷം അങ്കമാലി പട്ടണത്തിലെ വിവിധ പ്രദേശങ്ങളിലെ കടവരാന്തകളിലാണ് അന്തിയുറങ്ങുന്നത്. ഇങ്ങനെ അന്തിയുറങ്ങുന്ന സമയത്താണ് സത്യന്‍ തലക്കടിയേറ്റ് കൊലപ്പെട്ടത്. 11 ന് പുലര്‍ച്ചെ മൂന്ന് മണിയോടെ് കൊലപാതകം നടന്നതായിട്ടാണ് പോലിസ് നിഗമനം.
കൊലപാതകം നടന്ന സ്ഥലത്ത് മല്‍പിടുത്തം നടന്ന യാതൊരു ലക്ഷണവും കണ്ടത്തുവാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. കിടന്നുറങ്ങുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ കല്ല് കൊണ്ട് ഇടിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കുമൂലം രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏകദേശം 14 കിലോഗ്രാം ഭാരമുള്ള കല്ലുകൊണ്ടാണ് അജ്ഞാതനായ കൊലയാളി സത്യനെ തലക്കടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.
കൊലപ്പെടുത്തുവാന്‍ ഉപയോഗിച്ച കല്ല് സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത സ്ഥലത്ത് നിന്ന് കൊണ്ടുവന്നതാണന്ന് പോലിസ് കണ്ടെത്തി. കൊലപാതകത്തെ തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചെങ്കിലും സംഭവുമായി ബന്ധപ്പെട്ട് കാര്യമായ തെളിവുകള്‍ ഒന്നും ലഭിക്കാതിരുന്നതും പോലിസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ തലേ ദിവസം  വൈകീട്ട്  കൊല്ലപ്പെട്ട സത്യന്‍ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് മറ്റു ചിലരുമായി വഴക്കും ചെറിയ തോതിലുള്ള  സംഘര്‍ഷവും നടന്നതായി പോലിസിന് കണ്ടെത്താനായെങ്കിലും ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടത്തുവാനും ചോദ്യം ചെയ്യുവാനും പോലിസിന് കഴിഞ്ഞിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തോളം പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും തുമ്പൊന്നും പോലിസിന് ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it