പ്രതികളായ ജനപ്രതിനിധികളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആറുശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കേസുകളിലുള്‍പ്പെട്ട എംപിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളില്‍ ശി—ക്ഷിക്കപ്പെട്ടവര്‍ ആറുശതമാനം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ മാസം 11ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
ജനപ്രതിനിധികള്‍ പ്രതികളാവുന്ന കേസ് സംബന്ധിച്ച വിചാരണയ്ക്കിടെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ കണക്ക് അവതരിപ്പിച്ചത്. രാജ്യത്ത് ജനപ്രതിനിധികള്‍ പ്രതിചേര്‍ക്കപ്പെട്ട 3,884 കേസുകളാണ് ആകെയുള്ളത്. ഇതില്‍ 38 കേസുകളിലാണ് ജനപ്രതിനിധികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. 560 കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കി.
കൂടുതല്‍ പേര്‍ ശിക്ഷ ഏറ്റുവാങ്ങുകയും കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്ത സംസ്ഥാനം കേരളമാണെന്ന് കണക്ക് വ്യക്തമാക്കുന്നു. 147 പേരെയാണ് വെറുതെവിട്ടത്. തമിഴ്‌നാട് (68), ബിഹാര്‍ (48), ഗുജറാത്ത് (42), ഉത്തര്‍പ്രദേശ് (29), മധ്യപ്രദേശ്, കര്‍ണാടക (28 വീതം), ജാര്‍ഖണ്ഡ് (25), രാജസ്ഥാന്‍ (23), പശ്ചിമബംഗാള്‍ (18) എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിനു പിന്നില്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്ളത്. അതേസമയം, ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടത്തില്‍ ഒഡീഷ ഒന്നാംസ്ഥാനത്തും കേരളം രണ്ടാംസ്ഥാനത്തുമാണ്. ഒഡീഷയില്‍ 10 പേരും കേരളത്തില്‍ എട്ടുപേരുമാണ് ശിക്ഷിക്കപ്പെട്ടത്. ഉത്തര്‍പ്രദേശ് (5), ആന്ധ്രപ്രദേശ് (4), തമിഴ്‌നാട് (3), പശ്ചിമബംഗാള്‍, മഹാരാഷ്ട്ര (2 വീതം), സിക്കിം, മധ്യപ്രദേശ് (ഒന്ന് വീതം) എന്നീ സംസ്ഥാനങ്ങളാണ് ഒഡീഷയ്ക്കും കേരളത്തിനും പിന്നിലുള്ളത്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 470ഓളം ജനപ്രതിനിധികളുള്ള യുപിയില്‍ ഇവര്‍ക്കെതിരേ 565 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന 140 എംഎല്‍എമാരും 20 ലോക്‌സഭാംഗങ്ങളും ഉള്ള കേരളത്തില്‍ ജനപ്രതിനിധികള്‍ക്കെതിരേ 533 കേസുകളാണുള്ളത്. തമിഴ്‌നാട് (402), ബിഹാര്‍ (373), പശ്ചിമബംഗാള്‍ (335), ആന്ധ്രപ്രദേശ് (249), ഒഡീഷ (225) എന്നീ സംസ്ഥാനങ്ങളിലാണ് പിന്നീട് കൂടുതല്‍ കേസുകളുള്ളത്.
ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, മിസോറാം, മണിപ്പൂര്‍, ഛത്തീസ്ഗഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ആരും കുറ്റവിമുക്തരാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. ഇത്തരത്തില്‍ 233 കേസുകളാണ് കേരളത്തിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ബിഹാറില്‍ 249ഉം ഡല്‍ഹിയില്‍ 124ഉം കര്‍ണാടകയില്‍ 123ഉം കേസുകള്‍ കെട്ടിക്കിടക്കുന്നു.
കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള കൂടുതല്‍ കേസുകളും സമരങ്ങളുമായി ബന്ധപ്പെട്ട പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ്. അതേസമയം, മറ്റു സംസ്ഥാനങ്ങളിലുള്ളതു പോലെ വര്‍ഗീയകലാപം, തട്ടിക്കൊണ്ടുപോവല്‍, പ്രകോപനപരമായ പ്രസംഗം ഉള്‍പ്പെടെയുള്ള ഗൗരവമുള്ള കേസുകള്‍ കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരെയില്ല. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു ആജീവനാന്തം വിലക്കണമെന്ന ഹരജിയാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.

Next Story

RELATED STORIES

Share it