പ്രണബിന്റെ നാഗ്പൂര്‍ പ്രസംഗം

 കെ എസ് ഹരിഹരന്‍
കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും മുന്‍ രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി 2018 ജൂണ്‍ ആദ്യവാരം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി പ്രസംഗിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. ആര്‍എസ്എസ് കാഡര്‍മാരുടെ പരിശീലനപരിപാടിയുടെ ഒടുവില്‍ ആശംസയര്‍പ്പിക്കാനായിരുന്നു മുന്‍ രാഷ്ട്രപതി എത്തിച്ചേര്‍ന്നത്. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് നേരിട്ടെത്തി ക്ഷണിച്ചതുകൊണ്ടാണ് താന്‍ നാഗ്പൂരില്‍ പോവാന്‍ തീരുമാനിച്ചതെന്നും പ്രണബ് പരസ്യപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ചരിത്രപ്രധാനമായ പൊതുതിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത് തീര്‍ച്ചയായും വലിയ രാഷ്ട്രീയപ്രാധാന്യമുള്ള സംഭവം തന്നെയാണ്.
പ്രണബ് നാഗ്പൂരിലേക്കു പോവുന്നു എന്ന വാര്‍ത്ത കോണ്‍ഗ്രസ്സിനുള്ളിലും അദ്ദേഹത്തിന്റെ കുടുംബത്തിനകത്തും വലിയ ചലനങ്ങളുണ്ടാക്കി. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരേ സര്‍വശക്തിയും സമാഹരിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന നടപടിയായിരുന്നു പ്രണബിന്റേതെന്നു നിസ്സംശയം വ്യക്തമാണ്. അതിനാല്‍ തന്നെ പ്രണബിന്റെ മകളും ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവുംകൂടിയായ ശര്‍മിഷ്ഠ മുഖര്‍ജിയും മകനും പശ്ചിമ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റംഗവുമായ അഭിജിത് മുഖര്‍ജിയും പിതാവിനെതിരേ വിമര്‍ശനമുന്നയിച്ചു. എന്നാല്‍, ആരെതിര്‍ത്താലും താന്‍ നാഗ്പൂരില്‍ പോവുമെന്നും തന്റെ അഭിപ്രായം അവിടെ തുറന്നുപറയുമെന്നും പ്രണബ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അദ്ദേഹം നാഗ്പൂരിലെത്തി നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്്‌റുവുമൊക്കെ മുന്നോട്ടുവച്ച മതനിരപേക്ഷ ദേശീയതയാണ് ഇന്ത്യക്കു ഗുണകരമായതെന്നു പറയാന്‍ മടിച്ചില്ല. പക്ഷേ, ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗെവാറും ഹിന്ദുത്വ നേതൃത്വമായിരുന്ന സവര്‍ക്കറും ഗോള്‍വാള്‍ക്കറുമെല്ലാം ഭാരതത്തിന്റെ പ്രിയപുത്രന്‍മാരാണെന്നു സ്തുതിക്കാനും മറന്നില്ല. ഒരേസമയം വൈരുധ്യം നിറഞ്ഞ നിലപാടാണ് പ്രണബിന്റേതെന്ന് ആ പ്രസംഗം വ്യക്തമാക്കി.
ദേശീയ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്്‌റുവും മുന്നോട്ടുവച്ച മതനിരപേക്ഷ ദേശീയതയെ നിരാകരിച്ചുകൊണ്ടായിരുന്നു ആര്‍എസ്എസ്് സ്ഥാപിക്കപ്പെട്ടത്. ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചിത്പാവന്‍ ബ്രാഹ്മണരായ ഡോ. ഹെഡ്‌ഗെവാറും സവര്‍ക്കറും ഗോള്‍വാള്‍ക്കറുമൊക്കെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പില്‍ക്കാലത്ത് രണ്ടു രാജ്യങ്ങളായി ഇന്ത്യ വിഭജിക്കപ്പെടുന്നതിലേക്കുപോലും എത്തിച്ചേര്‍ന്നത്. മുസ്്‌ലിം വിരുദ്ധവും ദലിത് വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ നിലപാടെടുത്ത് അക്രാമക ഹിന്ദുത്വം നടത്തിയ തേരോട്ടത്തിനിടയിലാണ് സവര്‍ക്കറുടെ ശിഷ്യനായ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ തന്നെ വെടിവച്ചു വീഴ്ത്തിയത്. നെഹ്്‌റു മുന്നോട്ടുവച്ച മതനിരപേക്ഷ സമീപനങ്ങളോടുപോലും രാജിയാവാന്‍ അന്നുമിന്നും സംഘപരിവാരം തയ്യാറുമല്ല. തീര്‍ച്ചയായും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനകത്ത് സാമ്രാജ്യത്വവുമായി സഹകരിച്ചുകൊണ്ട് ബ്രാഹ്്മണ്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിഭാഗങ്ങള്‍ക്ക് സംഘപരിവാരത്തിന്റെ ആശയങ്ങള്‍ സ്വാഗതാര്‍ഹവുമായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിനകത്ത് ഹിന്ദുത്വാശയങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നു. മദന്‍മോഹന്‍ മാളവ്യ, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ തുടങ്ങി ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹിന്ദുത്വപ്രസ്ഥാനത്തോട് സൗമ്യമായ നിലപാടാണ് ഉണ്ടായിരുന്നത്. അവര്‍ ബ്രാഹ്്മണ്യത്തിന്റെ ആശയലോകം സ്വാംശീകരിച്ച നേതൃനിരയായിരുന്നു. അവരെല്ലാം മഹാപണ്ഡിതരുമായിരുന്നു. പക്ഷേ, അവരുടെ പാണ്ഡിത്യം ബ്രാഹ്്മണ്യത്തിന്റെ ലോകവീക്ഷണത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ബ്രാഹ്മണരുടെ പാദസേവയാണ് എല്ലാറ്റിലും പ്രധാനം എന്നു ചിന്തിച്ചിരുന്ന ഡോ. രാജേന്ദ്രപ്രസാദാണ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതും ചരിത്രമാണ്. ജവഹര്‍ലാല്‍ നെഹ്്‌റുവും ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസുമൊക്കെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ലോകവീക്ഷണത്തിന്റെ എതിര്‍വശത്താണ് ഡോ. രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ നിലയുറപ്പിച്ചിരുന്നത്.
കോണ്‍ഗ്രസ്സിന്റെ സമീപകാല ചരിത്രം പരിശോധിച്ചാലും ഇതേ ഘടകങ്ങള്‍ കണ്ടെത്താനാവും. സംഘപരിവാരത്തിന്റെ ആശയലോകം പങ്കുവയ്ക്കുന്ന നിരവധിപേര്‍ കോണ്‍ഗ്രസ്സിന്റെ വിവിധ തലങ്ങളില്‍ ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടാല്‍ ബിജെപിയിലേക്കു ചേക്കേറാന്‍ കാത്തിരിക്കുന്ന വിഭാഗമാണിത്. സംഘപരിവാരവുമായി സഹകരിക്കുന്ന ഈ വിഭാഗത്തിന്റെ പ്രതിനിധിയാണ് പ്രണബ് മുഖര്‍ജി. ഇക്കാലത്തെ രാജേന്ദ്രപ്രസാദാണ് അദ്ദേഹം. മാത്രവുമല്ല, ഇന്ദിരാ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്ന അദ്ദേഹം കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ സ്ഥിരാംഗമായിരുന്നു. തീര്‍ച്ചയായും പ്രധാനമന്ത്രിപദത്തിലേക്കു പരിഗണിക്കപ്പെടേണ്ട ആളുമായിരുന്നു. പി വി നരസിംഹറാവുവിനും മന്‍മോഹന്‍സിങിനും മുമ്പേ തന്നെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടും എന്നും പലരും പ്രതീക്ഷിച്ചിരുന്ന ആളായിരുന്നു മഹാപണ്ഡിതനായിരുന്ന പ്രണബ്. പക്ഷേ, ആ സ്വപ്‌നം പൂവണിഞ്ഞില്ല. കേന്ദ്രമന്ത്രിസഭയിലെ സ്ഥിരാംഗത്വമോ രാഷ്ട്രത്തിന്റെ പ്രഥമ പൗരന്‍ എന്ന അസുലഭ സ്ഥാനമോ ഒന്നും പ്രധാനമന്ത്രിപദ നഷ്ടത്തിന്റെ മുറിവുണക്കാന്‍ പോന്നതായിരുന്നില്ല എന്നതാണ് ഈ വംഗദേശ ബ്രാഹ്്മണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അധികാരത്തോടുള്ള ആസക്തി അധികാരസ്ഥാനങ്ങള്‍ കിട്ടുംതോറും വര്‍ധിക്കുകയേയുള്ളൂ എന്നാണിതിന്റെ പാഠം.
നാഗ്പൂര്‍ സന്ദര്‍ശനത്തിന് ഇന്ത്യയിലെ രാഷ്ട്രീയനിരീക്ഷകര്‍ കണ്ടെത്തുന്ന ചില സൂചനകളുണ്ട്. നരേന്ദ്രമോദിക്ക് ഒരു രണ്ടാംമൂഴം കിട്ടാന്‍ ഇന്നത്തെ രാഷ്ട്രീയസ്ഥിതിയില്‍ സാധ്യത പരിമിതമാണെന്ന് ആര്‍എസ്എസ് നേതൃത്വം ഭയപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയുന്നില്ലെങ്കില്‍ ബിജെപിക്കു കൂടി സ്വീകാര്യനായ ഒരു പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്ന സാധ്യത തള്ളിക്കളയേണ്ടതില്ല. സാധാരണ നിലയില്‍ ഇന്ത്യയില്‍ പ്രസിഡന്റ് പദവിയിലിരുന്ന ഒരാള്‍ വിരമിച്ചാല്‍ വായനയും എഴുത്തും സന്‍മാര്‍ഗോപദേശവും പൂന്തോട്ടനിര്‍മാണവുമൊക്കെയായി വിശ്രമജീവിതം നയിക്കണം എന്നതാണ് സാമാന്യ ധാരണ. പക്ഷേ, പ്രണബിനെപ്പോലൊരാള്‍ ഈ സാമാന്യ ധാരണ ലംഘിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. രണ്ടാമത്തെ കാര്യം, തന്നെ പ്രധാനമന്ത്രിപദത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയ സോണിയ-രാഹുല്‍ കൂട്ടുകെട്ടിനെ ഒന്നു നോവിക്കാനും പ്രണബിന് താല്‍പര്യമുണ്ടാവും എന്നതാണ്. തന്റെ മക്കള്‍ക്ക് കോണ്‍ഗ്രസ്് സ്ഥാനമാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ബിജെപിയുമായി താന്‍ പുലര്‍ത്തുന്ന സൗഹൃദ മനോഭാവം അവരുടെ പാര്‍ലമെന്ററി താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്നതിന് കുറേക്കൂടി സഹായകമാവും എന്നും ഈ ചാണക്യന്‍ കണക്കുകൂട്ടുന്നുണ്ടാവും. കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിനെതിരേ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് പ്രണബിന്റെ പ്രവൃത്തി മികച്ച ഉദാഹരണമായി ഉപയോഗപ്പെടുത്താന്‍ എക്കാലത്തും സാധിക്കും. ബ്രാഹ്്മണ്യത്തോടുള്ള തന്റെ പ്രതിബദ്ധത പ്രകടമാക്കിയ പ്രണബിന് ഗാന്ധിജിയെയും ജവഹര്‍ലാലിനെയും എപ്പോള്‍ വേണമെങ്കിലും നിരാകരിക്കാനും കഴിയും. സംഘപരിവാരത്തെ സംബന്ധിച്ച് മുന്‍കാലത്ത് ഗാന്ധിജിയുടെയും സുഭാഷ്ചന്ദ്രബോസിന്റെയും വരെ ആശിര്‍വാദം ലഭിച്ച സംഘടനയാണ് ആര്‍എസ്എസ് എന്ന പ്രചാരണത്തിന് സമകാലികമായി കൂട്ടിച്ചേര്‍ക്കാവുന്ന പേരായി പ്രണബ്കുമാര്‍ മുഖര്‍ജിയെ പരിഗണിക്കാനാവുമെന്ന മെച്ചവുമുണ്ട്.                                                           ി

(കടപ്പാട്: മറുവാക്ക്, ജൂലൈ 2018)
Next Story

RELATED STORIES

Share it