Kollam Local

പ്രഖ്യാപനത്തിലൊതുങ്ങിയ ആവശ്യങ്ങളും കാത്ത് മലയോര പട്ടണം

പത്തനാപുരം: പത്തനാപുരം നിയോജക മണ്ഡല വികസനത്തിനായി പ്രഖ്യാപനത്തില്‍ ഒതുങ്ങിയതുള്‍പ്പെടെ നീളുന്ന നിരവധി ആവശ്യങ്ങളുമായി കാത്തിരിക്കുകയാണ് മലയോര പട്ടണം. പത്തനാപുരം കേന്ദ്രമാക്കി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, സബ് ആര്‍ടി ഓഫിസ്, മുന്‍സിഫ് കുടുംബ കോടതികള്‍, താലൂക്ക് ആശുപത്രി വികസനം , ശബരിമല ഇടത്താവളം, പട്ടാഴി, മാങ്കോട് കേന്ദ്രീകരിച്ച് പുതിയ പോലിസ് സ്‌റ്റേഷനുകള്‍, പൊതു കളിസ്ഥലം, കെഎസ്ആര്‍ടിസി ഡിപ്പോ വികസനം, മാലിന്യ സംസ്‌കരണ പ്ലാന്റ്, മിനി സിവില്‍ സ്‌റ്റേഷന്‍ വികസനം, പൊതുശ്മശാനം, വണ്‍വേ റോഡ് വികസനം, ടൗണ്‍ റിങ് റോഡ് വികസനം, മാര്‍ക്കറ്റ് വികസനം തുടങ്ങി നിരവധി ആവശ്യങ്ങളാണ് പത്തനാപുരത്തിനുളളത്. പത്തനാപുരം നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ കുളക്കട, കൊട്ടാരക്കര, പുനലൂര്‍ വിദ്യാഭ്യാസ ഉപജില്ലകളിലായി വ്യാപിച്ചു കിടക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി രണ്ടും മൂന്നും ബസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുളളവര്‍. താലൂക്ക് ആസ്ഥാനത്ത് കോടതികളും സ്ഥാപിക്കേണ്ടിയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം നിര്‍മിക്കുമെന്നത് പത്തനാപുരം ബ്ലോക്ക്  ഗ്രാമപ്പഞ്ചായത്തുകളുടെ വര്‍ഷങ്ങളായുളള പ്രഖ്യാപനമാണ്. കല്ലും കടവ് തോടിന് സമീപത്തായി ഇതിന് വേണ്ട സൗകര്യമൊരുക്കുവാനാകും. പട്ടാഴി, മാങ്കോട് എന്നിവിടങ്ങളിലാണ് പുതിയ പോലിസ് റ്റേഷനുകള്‍ വേണമെന്നാവശ്യം ശക്തമാണ്. പട്ടാഴിയില്‍ പോലിസ് സ്‌റ്റേഷന്‍ ആരംഭിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. ജില്ലയിലും സമീപ ജില്ലകളിലുമടക്കമുളള കുടുംബ കോടതികളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ മലയോര മേഖലകളില്‍ നിന്നാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനാലാണ് പത്തനാപുരത്ത് കുടുംബ കോടതി വേണമെന്നാവശ്യം ശക്തമായത്. നിലവിലുളള സിഎച്ച്‌സി താലൂക്ക് ആശുപത്രിയാക്കിയെങ്കിലും  വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പ്രഖ്യാപനമായി അവശേഷിക്കുമ്പോള്‍ ടൗണില്‍ നിന്നും കിലോമീറ്റര്‍ അകലേക്ക്  സിഎച്ച്‌സി മാറ്റുന്നതിന് ചരടുവലികള്‍ നടക്കുകയാണ്.സ്വകാര്യ മേഖലയില്‍ പോലും താലൂക്കില്‍ നല്ല ഒരു ആരോഗ്യ കേന്ദ്രമില്ല. ചികില്‍സാ സൗകര്യം പരിമിതമായ മലയോരത്തെ ഏക ആശ്രയം താലൂക്ക് ആശുപത്രിയാണ്. ഇവിടെ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നടപടിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തരെത്തുന്ന പത്തനാപുരത്ത് ശബരി മല ഇടത്താവളം വേണമെന്നാവശ്യത്തിനും ദീര്‍ഘനാളത്തെ പഴക്കമുണ്ട്. പത്തനാപുരത്തിന് ഒരു പൊതു കളിസ്ഥലമില്ലെന്നത് അപര്യാപ്തത തന്നെയാണ്. ദശാബ്ദങ്ങള്‍ പഴക്കമുളള നിരവധി കഌബുകളും, നേട്ടങ്ങള്‍ തങ്കലിപികളില്‍ കുറിച്ച നിരവധി കായികതാരങ്ങളും ഉണ്ടങ്കിലും പ്രാക്ടീസ് ചെയ്യുന്നതിനായി കളിസ്ഥലമില്ല. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത മള്‍ട്ടി പര്‍പ്പസ്  കോര്‍ട്ടുകളടങ്ങിയ സിന്തറ്റിക് കോര്‍ട്ട് പണിതത് സ്വകാര്യ സ്‌കൂള്‍ ഗ്രൗണ്ടിലാണ്. ഇത് അവധി ദിവസം  പോലും പൂട്ടി കിടക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവുമില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വികസനവും നിരവധി നൂലാമാലകളില്‍ കുരുങ്ങികിടക്കുകയാണ്. മഴ നനയാതെ യാത്രക്കാര്‍ക്ക് കയറി നില്‍ക്കുവാന്‍ വെയിറ്റിങ്  ഷെഡോ  പ്രാഥമികാ വശ്യങ്ങള്‍ക്ക് ടോയ്‌ലറ്റുകളോ ഇവിടില്ല.പത്തനാപുരം താലൂക്ക് ആസ്ഥാനം കേന്ദ്രമാക്കി സബ് ആര്‍ടി ഓഫിസ് ആരംഭിക്കണമെന്നും ദീര്‍ഘകാലമായുളള ആവശ്യമാണ്. ഇത് അനുവദിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികളില്ലാത്തതിനാലെന്ന് സാധ്യമാകുമെന്ന് പറയുക വയ്യ. ഇതൊക്കെ പത്തനാപുരത്തിന്  ആവശ്യമാണെങ്കിലും  ജനപ്രതിനിധികളുടെ വികസന പ്രഖ്യാപനത്തിന് കുറവില്ലെന്നത് ആക്ഷേപകരമാണ്.
Next Story

RELATED STORIES

Share it