palakkad local

പ്രഖ്യാപനം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; കയറാടി വൈദ്യുതി സെക്ഷന്‍ ഓഫിസ് യാഥാര്‍ഥ്യമായില്ല

ആലത്തൂര്‍: മലയോര മേഖലയിലുള്ളവര്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ കയറാടില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച വൈദ്യുതി സെക്ഷന്‍ ഓഫിസ് ഇനിയും യാഥാഥ്യമായില്ല. ജില്ലയിലെ വലിയ സെക്ഷന്‍ ഓഫിസായ നെന്മാറയെ വിഭജിച്ചാണ് കയറാടിയില്‍ ഓഫിസ് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അയിലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവനും, വണ്ടാഴി ഗ്രാമപ്പഞ്ചായത്തിന്റെ കുറച്ചു ഭാഗങ്ങളും ചേര്‍ത്താണ് പുതിയ വൈദ്യുതി ഓഫിസ് രൂപീകരിക്കുന്നതെന്ന് മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ജില്ലയില്‍ പ്രഖ്യാപിച്ച വാളയാര്‍ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. നിലവില്‍ നെന്മാറ, അയിലൂര്‍ ഗ്രാമപഞ്ചായത്തുകള്‍ മുഴുവനും, മേലാര്‍കോട് വണ്ടാഴി ഗ്രാമപ്പഞ്ചായത്തുകള്‍ ഭാഗികമായും പ്രവര്‍ത്തന പരിധിയിലാണ് നെന്മാറ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നാലു പഞ്ചായത്തുകളിലായി 27,000 ത്തോളം വൈദ്യുതി കണക്ഷനാണുള്ളത്.
മലയോര പ്രദേശങ്ങളായ  കരിമ്പാറ, നേര്‍ച്ചപ്പാറ, പയ്യാംങ്കോട്, ഒലിപ്പാറ തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ പോലും നെന്മാറ സെക്ഷന്‍ ഓഫിസിന്റെ പരിധിയിലാണ്. വൈദ്യുതി ബില്‍ അടയ്ക്കുന്നതിനും മറ്റും 20 കിലോമീറ്ററോളം സഞ്ചരിച്ചുവേണം നെന്മാറയിലെത്തിച്ചേരുവാന്‍. വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ പോലും അവ കണ്ടുപിടിച്ച് ശരിയാക്കുന്നതിനും ഈ ഓഫീസില്‍ നിന്ന് ജീവനക്കാരെത്തണം. 10,000 വൈദ്യുതി കണക്ഷന് 12 ലൈന്‍മാന്‍ മാര്‍ വേണമെന്നിരിക്കെ നെന്മാറ സെക്ഷനുകിഴില്‍ ആകെയുള്ളത് 11 പേര്‍ മാത്രമാണ്. മൂന്നു ഫീഡറുകളിലായി പ്രവര്‍ത്തിക്കുന്ന ഈ സെക്ഷന്‍ ഓഫി സില്‍ അതുകൊണ്ട് തന്നെ പലപ്പോഴും കൃത്യസമയത്ത് തകരാറുകള്‍ തീര്‍ക്കുവാന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് സെക്ഷന്‍ ഓഫിസ് തുറക്കാന്‍ അനുമതി നല്‍കിയത്.
കിലോ മീറ്ററുകള്‍ സഞ്ചരിച്ച് നെന്മാറയിലെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കയറാടിയില്‍ ഓഫിസ് തുറക്കാന്‍ നടപടി സ്വീകരിച്ചത്. പഴയ ഗ്രാമപ്പഞ്ചായത്തോഫിസ് കെട്ടിടമോ, തിരുവഴിയാടുള്ള വനം വകുപ്പിന്റെ സ്ഥലമോ, അടിപ്പെരണ്ട ബസ് സ്റ്റാന്റിന്റെ കെട്ടിടമോ പ്രയേജന പ്പെടുത്തി സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങുവാന്‍ നടപടിയുണ്ടാവണം. ഇതു സംബന്ധിച്ച്  വകുപ്പ് മന്ത്രിയ്ക്കും, ബോര്‍ഡിനും, ഗ്രാമപഞ്ചായത്തിനും നിവേദനം നല്‍കിയിട്ടുണ്ടെന്ന് അയിലൂര്‍ ഗ്രാമപഞ്ചായത്തംഗം എം പത്മഗിരീശന്‍ പറഞ്ഞു.
എന്നാല്‍ ഓഫിസിനാവശ്യമായ 10 സെന്റ് സ്ഥലവും, കെട്ടിടവും സൗജന്യമായി ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശത്തോടെയാണ് ബോര്‍ഡ് സെക്ഷന്‍ ഓഫിസ് തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രവര്‍ത്തനത്തിനാവശ്യമായ കെട്ടിടവും, സ്ഥലവും ലഭ്യമല്ലാത്തതിനാലാണ് തുടങ്ങാന്‍ വൈകുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it