പ്രകൃതിവിരുദ്ധ പീഡനം:ബ്രഹ്മാനന്ദാലയത്തിലെ സ്വാമി അറസ്റ്റില്‍

തൃശൂര്‍: ആശ്രമത്തില്‍ താമസിച്ചു പഠിച്ചിരുന്ന ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ സ്വാമിയെ അറസ്റ്റ് ചെയ്തു. ബ്രഹ്മാനന്ദാലയത്തിലെ സ്വാമിയായ ശ്രീനാരായണ ധര്‍മവ്രതന്‍ എന്ന താമരാക്ഷന്‍ (52) ആണ് അറസ്റ്റിലായത്. ഇടുക്കി പെരുവന്താനം സ്വദേശിയാണ് താമരാക്ഷന്‍. ശിവഗിരിമഠത്തിന്റെ കീഴിലുള്ള കൊറ്റനല്ലൂര്‍ സന്ന്യാസി അമ്പലം എന്നറിയപ്പെടുന്ന ബ്രഹ്മാനന്ദാലയത്തിലെ അന്തേവാസികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ചൈ ല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയില്‍ ആളൂര്‍ പോലിസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. ഇയാള്‍ക്കെതിരേ ഏഴുപേര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ജൂണിലാണ് കുട്ടികള്‍ ആശ്രമത്തിന്റെ ചുമതലക്കാരനായിരുന്ന ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കുട്ടികള്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ സംഭവത്തില്‍ ഇടപെട്ടത്.
ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ തിരുത്തണി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രതിയെ പിടികൂടിയത്. തിരുത്തണിയിലെ മലയുടെ മുകളിലെ അമ്പലത്തിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിയും വിവിധ അമ്പലങ്ങളില്‍ അന്തിയുറങ്ങിയുമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ്‌കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ചെന്നെയില്‍ എത്തി പ്രതിയെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത—തായി എസ്‌ഐ വി വി വിമല്‍ പറഞ്ഞു. ആളൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് ഉച്ചയ്ക്ക് ഒരുമണിയോടെ രേഖപ്പെടുത്തി. പ്രതിയെ തൃശൂര്‍ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കി. സി വിമല്‍, എസ്‌ഐ വല്‍സകുമാര്‍, സതീശന്‍ മഠപ്പാട്ടില്‍, മൂസ പി എം, സില്‍ജൊ വി യു, ഷിജൊ തോമസ്, എഎസ്‌ഐ സി കെ സുരേഷ്, എഎസ്‌ഐ ജിനുമോന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
ധര്‍മവ്രത സ്വാമിയെക്കുറിച്ച് ലഭിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ശിവഗിരി മഠത്തില്‍ ജൂലൈ 28ന് കൂടിയ ട്രസ്റ്റ് ബോര്‍ഡ് തീരുമാനപ്രകാരം സ്വാമിയെ ട്രസ്റ്റില്‍ നിന്നു പുറത്താക്കിയതായി ശിവഗിരി മഠം ജന. സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ശിവഗിരി തൃശൂര്‍ ബാറിലെ അഭിഭാഷകനായ അഡ്വ. സതീന്ദ്രനെ അന്വേഷണ കമ്മീഷനായി നിയമിച്ച് സ്വാമിയെ സംബന്ധിച്ച ആരോപണം അന്വേഷണവിധേയമാക്കിയതിന് ശേഷമാണ് ശിവഗിരി മഠം ഉചിതമായ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it