Flash News

പോസ്റ്റ്മാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷാ ക്രമക്കേട് : അന്വേഷണം സിബിഐക്ക് വിടണമെന്ന് ഇന്റലിജന്‍സ്



കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച നടന്ന പോസ്റ്റ്മാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനു പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണെന്ന് സൂചന. രാജസ്ഥാനിലെ മോണു എന്നയാളാണ് സംഘത്തിന്റെ തലവനെന്നും അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ കേസ് അന്വേഷണം സിബിഐക്ക് നല്‍കുന്നതാണ് നല്ലതെന്നും കാണിച്ച് ഇന്റലിജന്‍സ് ഏജന്‍സി റിപോര്‍ട്ട് നല്‍കി. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിദ്യാനഗര്‍ ചിന്മയ സ്‌കൂളില്‍ തയ്യാറാക്കിയ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയ ഹരിയാന സ്വദേശികളായ സോനാപത്‌ഹോറാലിലെ കുല്‍വന്ത്(32), ദിവാനി പൊപോസജിത കെവിയിലെ ഹരീഷ്(21) എന്നിവരെ കൈയോടെ പിടികൂടിയതോടെയാണ് ക്രമക്കേട് പുറത്തായത്. കര്‍ശന പരിശോധനയ്ക്കു ശേഷമാണ് പരീക്ഷാര്‍ഥികളെ ഹാളിലേക്ക് കടത്തിവിട്ടത്. പരീക്ഷ തുടങ്ങിയശേഷം കുല്‍വന്തിന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക ഫോണ്‍ പിടിച്ചുവച്ചു. അതിനുശേഷം പ്രസ്തുത ഫോണിലേക്ക് ഉത്തര സൂചികാ സന്ദേശങ്ങള്‍ തുടര്‍ച്ചയായി എത്തിയതോടെയാണ് ക്രമക്കേട് വ്യക്തമായത്. അധ്യാപിക വിവരം ഉടന്‍ വിദ്യാനഗര്‍ പോലിസിനെ അറിയിക്കുകയും പോലിസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആദ്യത്തെ 25 മാര്‍ക്കറ്റിന്റെ ചോദ്യങ്ങള്‍ മലയാളത്തിലുള്ളതാണ്. ഇയാള്‍ എഴുതിയ പരീക്ഷാപേപ്പറില്‍ മുഴുവന്‍ മലയാള ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയിട്ടുണ്ട്. ഇതാണ് സംശയത്തിന് ഇട നല്‍കിയത്. കാസര്‍കോട് ഗവ. കോളജിലും പരീക്ഷാ സെന്ററുണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ രണ്ടു ദിവസം മുമ്പാണ് സിം കാര്‍ഡ് എടുത്തതെന്നും പരീക്ഷ നടന്ന ഞായറാഴ്ച ഉച്ചയോടെ സിം ബ്ലോക്കായതായും കണ്ടെത്തി. ഹരീഷിനെ കാസര്‍കോട് ഗവ. കോളജിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് കാസര്‍കോട് പോലിസാണ്് പിടികൂടിയത്. ശരീരത്തില്‍ മൊബൈല്‍ ഫോണ്‍ കെട്ടിവച്ചതിനായിരുന്നു അറസ്റ്റ്. നേരത്തേ നടന്ന മറ്റൊരു പരീക്ഷയിലും വന്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ നിരവധി ഹരിയാന സ്വദേശികള്‍ക്ക് ജോലി ലഭിച്ചിരുന്നു. ഇതിനു പിന്നിലും മോണു നേതൃത്വം നല്‍കുന്ന സംഘമാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്ന ഉത്തരേന്ത്യന്‍ സംഘത്തെക്കുറിച്ച് പോലിസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ മറ്റു ഏജന്‍സികള്‍ അന്വേഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പോലിസിനുള്ളത്.
Next Story

RELATED STORIES

Share it