Kollam Local

പോലിസ് സ്‌റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപറമ്പ്; ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം

പൂനലൂര്‍: പോലിസ് സ്‌റ്റേഷന്‍ വളപ്പിലെ വാഹന കൂമ്പാരം മൂലം സ്‌റ്റേഷനില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം.
ജില്ലയുടെ കിഴക്കന്‍ മലയോരത്തെ പ്രധാന സ്‌റ്റേഷനായ പുനലൂര്‍ ജനമൈത്രി പോലിസ് സ്‌റ്റേഷന്‍ വളപ്പാണ് കേസില്‍ കണ്ടെത്തിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയത്. സ്‌റ്റേഷനിലേക്ക് കയറുന്ന കിഴക്കേ വഴി ഒഴിച്ച് ബാക്കി വശങ്ങളിലെല്ലാം വാഹനങ്ങള്‍ കിടന്ന് നശിക്കുകയാണ്. നൂറിലധികം ബൈക്കുകള്‍,കാറുകള്‍, ഓട്ടോറിക്ഷകള്‍, ടിപ്പര്‍ ലോറികള്‍ എന്നിവയടക്കം വാഹനങ്ങള്‍ കുന്നുകുടി കാടും പടലും മൂടി. ഇതോടെ പടിഞ്ഞാറ് വശത്ത്‌നിന്നുള്ള വഴി പോലും ഇല്ലാതായി. ഇതോടെയാണ് ഇഴജന്തുക്കളും ഇവിടെ വാസമാക്കിയത്.
കേസുകളില്‍പ്പെട്ട ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ കൂനകുട്ടിയിട്ട പോലെ കിടക്കുകയാണ്. വാഹന ബാഹുല്യം കാരണം ഇപ്പോള്‍ സ്‌റ്റേഷന് താഴത്തെ വയലിലോട്ടും വാഹനങ്ങള്‍ ഇട്ട് തുടങ്ങിയതോടെയാണ് ഇഴ ജന്തുക്കള്‍ പരിധി വിട്ട് സ്‌റ്റേഷനിലേക്കും കയറി തുടങ്ങിയത്. പാറാവിനൊപ്പം പാമ്പ് പിടിത്തവും വശമുണ്ടെങ്കിലേ പുനലൂര്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യാനാകു എന്ന സ്ഥിതിയാണെന്ന് ആക്ഷേപമുണ്ട്. മെയിന്‍ സ്‌റ്റേഷന് പിടഞ്ഞാറ് ഭാഗത്തായുള്ള സിവില്‍ പോലിസ് ഓഫിസര്‍മാരുടെ വിശ്രമമുറിയും ഡ്രസ് ചെയിഞ്ചിങ് റൂമും  വാഹന പാര്‍ക്കിങ് ഷെഡും  ഇഴജന്തുക്കളുടെ ബാഹുല്യം കാരണം ഉപയോഗ ശൂന്യമായ സ്ഥിതിയിലാണ്. സിഐ ഓഫിസും പോലീസ് സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്ന കോംപൗണ്ടിലാണ് വാഹനങ്ങള്‍ നശിക്കുന്നതും ഇഴജന്തുക്കള്‍ ശല്യമായും മാറിയിരിക്കുന്നത്.
തൊട്ടടുത്താണ് ഡിവൈഎസ്പി ഓഫിസും പ്രവര്‍ത്തിക്കുന്നത്.
വാഹനങ്ങള്‍ കിടന്ന് കാട് കയറിയതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കട പോലിസ് സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് വിശ്രമിക്കുവാനുള്ള മുറികളിലൊന്നിലേക്ക് ചേക്കേറി. ഇതോടെ സ്‌റ്റേഷനിലെത്തുന്നവര്‍ പടിക്ക് പുറത്തായി.
സ്‌റ്റേഷനിലെത്തുന്ന ജനപ്രതിനിധികളടക്കം വാഹനങ്ങള്‍ ദേശീയപാതക്കരുകിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും ഇട്ട ശേഷം നടന്നവരേണ്ട അവസ്ഥയാണ്.
പോലിസ് സ്‌റ്റേഷന്‍ റോഡിലെ അനധികൃത പാര്‍ക്കിങ് മൂലം മേഖലയിലെ താമസക്കാരും റയില്‍വേ സ്‌റ്റേഷന്‍, ഗവ.എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കെത്തുന്നവരും ബുദ്ധിമുട്ടിലാണ്. സ്ഥലപരിമിതിയാല്‍ വീര്‍പ്പ് മുട്ടുന്ന സ്‌റ്റേഷന്‍ വളപ്പിലെ വാഹന ങ്ങള്‍ നീക്കം ചെയ്യുകയും പിടഞ്ഞാറ് ഭാഗം വഴിയുള്ള യാത്ര സുഗമമാക്കുന്നതിനും നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it