wayanad local

പോലിസ് സ്‌റ്റേഷനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവജനനേതാവിനെ പിന്തുടര്‍ന്നു പിടികൂടി

വെള്ളമുണ്ട: പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലിസ് പിടികൂടി. പോലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വെളളമുണ്ട മേഖലാ സെക്രട്ടറിയും പനമരം ബ്ലോക്ക് കമ്മിറ്റിയംഗവുമായ നാരോക്കടവ് തൈപറമ്പില്‍ നിതിന്‍ദാസിനെ(28)യാണ് വെള്ളമുണ്ട ടൗണില്‍ വച്ച് നാട്ടുകാരും പോലിസും ചേര്‍ന്നു പിടികൂടിയത്. ഇന്നലെ രാവിലെ എട്ടെടെയായിരുന്നു സംഭവം. ബുധനാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിനാണ് വെള്ളമുണ്ട പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഒരുമാസം മുമ്പ് സ്‌റ്റേഷനിലെത്തി പോലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കേസിലുള്‍പ്പെട്ട പ്രതിയായതിനാല്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കാനായി ഇയാളെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍, രാവിലെ എട്ടോടെ സ്‌റ്റേഷനിലെ പാറാവുകാരനെ തള്ളിയിട്ട ശേഷം ഇയാള്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഓടി റോഡിലേക്ക് വരികയും അതുവഴി വന്ന വാഹനത്തില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ടൗണിലെ ആളുകളെ അറിയിക്കുകയും വാഹനം തടയുകയും ചെയ്തു. ഇതിനിടെ വാഹനത്തില്‍ നിന്നിറങ്ങി ഓടിയ ഇയാളെ നാട്ടുകാരും വെള്ളമുണ്ട എസ്‌ഐ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് ഓടിച്ച് പിടികൂടുകയായിരുന്നു. ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it