Flash News

പോലിസ് സേനയില്‍ 282 പേര്‍ സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍

പോലിസ് സേനയില്‍ 282 പേര്‍ സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍
X
കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: കേരള പോലിസ് സേനയിലെ 282 പേര്‍ സ്ത്രീപീഡന കേസുകളില്‍ വിചാരണ നേരിടുന്നവരാണെന്നു വിവരാവകാശ ക്രൈം റിക്കാര്‍ഡ് ബ്യൂറോ രേഖകള്‍. ഇവരില്‍ ഏറെ പേരും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നു ജോലിയില്‍ തിരികെ കയറിയവരാണ്. ഒന്നിലേറെ സ്ത്രീപീഡന കേസുകളില്‍ പ്രതികളായ പോലിസുകാരുടെ എണ്ണം 32. ഭാര്യമാരെ പീഡിപ്പിച്ച കേസില്‍ പ്രതികളായവര്‍ 22 പേര്‍. മദ്യപിച്ച് ഭാര്യമാരെയും മക്കളെയും തല്ലിയ കേസുകളില്‍ പ്രതിയായവരുടെ എണ്ണം 18. സിഐ മുതല്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ വരെയുള്ളവരാണു സ്്ത്രീപീഡനക്കേസുകളിലെ പ്രതികളെല്ലാം.



ഇവരില്‍ ആറു സിഐമാര്‍, എട്ട് എസ്‌ഐമാര്‍, 18 എഎസ്‌ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടും. ബാക്കിയുള്ളവരെല്ലാം സിവില്‍ പോലിസ് ഓഫിസര്‍മാരാണ്. സ്ത്രീപീഡനക്കേസുകളിലെ പ്രതികളായ 42 പേര്‍ ജോലി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.  ഇവരില്‍ 28 പേരുടെ കേസുകളില്‍ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 518 പോലിസുകാര്‍ക്കെതിരേയാണു സ്ത്രീപീഡനത്തിന്റെ പേരില്‍ പരാതികള്‍ വന്നത്. അന്വേഷണത്തില്‍ അവയില്‍ 100ലേറെ പരാതികള്‍ വ്യാജമാണെന്നു കണ്ടെത്തി തള്ളുകയായിരുന്നു. പരാതികളില്‍ 282 എണ്ണം സത്യമാണെന്നു കണ്ടെത്തി പോലിസ് നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കോടതിയില്‍ ഇത്രയും കേസുകള്‍ എത്തിയിട്ടുണ്ട്. 111 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് സ്ത്രീകളെ പീഡിപ്പിച്ചതിന്റെ പേരില്‍ വിചാരണ നേരിടുന്ന പോലിസുകാരുടെ എണ്ണം 73 ആണ്. പോലിസുകാര്‍ പ്രതികളായ സ്ത്രീപീഡന കേസുകളില്‍ അന്വേഷണം താമസിപ്പിക്കുന്നതായും കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകിക്കുന്നതായും പരാതിയുണ്ട്. നിയമങ്ങളിലെ പഴുതുകളുപയോഗിച്ചാണു സ്ത്രീപീഡന കേസുകളില്‍ പ്രതിയാവുന്ന പോലിസുകാര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്. ഇത്തരം പരാതികള്‍ സ്റ്റേഷനുകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ കൈകളിലും എത്തിയാല്‍ ഒതുക്കിത്തീര്‍ക്കുകയാണു പതിവെന്ന് വനിതാ സംഘടനകള്‍ ആരോപിക്കുന്നു. അന്വേഷണത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങളും ഉണ്ടാവാറുണ്ടെന്നും അവര്‍ പറയുന്നു. കേസുകളിലെ പ്രതികള്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അവരെ തിരിച്ചെടുക്കണമെന്നാണു നിലവിലുള്ള നിയമം. മിക്ക കേസുകളിലും സമയപരിധിക്കുള്ളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെടാറില്ല. അതിനാല്‍ അവര്‍ സേനയില്‍ മടങ്ങിയെത്തുക പതിവാണ്. കേസുകള്‍ക്ക് പുറമെ ഇത്തരം പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും പോലിസ് മാന്വലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഈ അന്വേഷണങ്ങളിലും ഭൂരിപക്ഷം പേരും രക്ഷപ്പെടാറാണു പതിവ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തില്‍ ആറുപേര്‍ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. അതും താക്കീതിലും നല്ലനടപ്പിലും ഒതുങ്ങി. പോലിസ് സേനയിലെ സ്ത്രീപീഡകര്‍ ഒരിക്കലും ശിക്ഷിക്കപ്പെടാറില്ലെന്നു വനിതാ സംഘടനകള്‍ പറയുന്നു.
Next Story

RELATED STORIES

Share it