പോലിസ് സേനയിലെ തെറ്റായ പ്രവണതകള്‍ തിരുത്താന്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലിസ് സേന തെറ്റായ പ്രവണതകള്‍ തിരുത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം റൂറല്‍ വനിതാ സെല്ലിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര ഉന്നതരായ ഉദ്യോഗസ്ഥരായാലും തെറ്റായ കാര്യങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും എന്നതാണ് സര്‍ക്കാര്‍ നയം. അക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവും ഈ സര്‍ക്കാരില്‍ നിന്ന് അത്തരം ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കേണ്ടതില്ല.
ഈ സര്‍ക്കാര്‍ കൈക്കൊണ്ട വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്താകെ പോലിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. തികച്ചും നിയമപരമായി പ്രവര്‍ത്തിക്കുന്ന, ഒരു ജനാധിപത്യ സമൂഹത്തിന് അനുഗുണമായ, സാധാരണക്കാരും ദുര്‍ബലരും ഉള്‍പ്പെടെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന ഒരു പോലിസ് സംവിധാനം എന്ന നിലയിലേക്ക് കേരളത്തിലെ പോലിസ് സംവിധാനത്തെ പൂര്‍ണമായി മാറ്റുക എന്നതാണ് ലക്ഷ്യം. അക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോലിസിനെ സംബന്ധിച്ച് വിമര്‍ശനത്തിനിടയാക്കിയിരുന്ന മൂന്നാംമുറ, അഴിമതി എന്നിവയെല്ലാം പൊതുവേ കുറഞ്ഞുവരുകയാണ്. എന്നാല്‍, ഇതിനു വിപരീതമായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അവയ്‌ക്കെതിരേ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചത്. പോലിസ് അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേനയാണ്. എന്നാല്‍, തിരുത്തപ്പെടേണ്ട ചില തെറ്റായ പ്രവണതകളും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. അവ തിരുത്തി ശരിയാക്കുന്നതിനും സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് തങ്ങളുടെ പരാതികള്‍ സങ്കോചം കൂടാതെ ഉന്നയിക്കാനുള്ള സൗകര്യം സ്റ്റേഷനുകളില്‍ ഇപ്പോള്‍ നിലവിലുണ്ട്. അതോടൊപ്പം വനിതകള്‍ക്ക്  പോലിസ് സ്റ്റേഷനില്‍ പോകാതെത്തന്നെ അതിക്രമങ്ങള്‍ സംബന്ധിച്ചും മറ്റുമുള്ള പരാതികള്‍ ഉന്നയിക്കാനുള്ള സംവിധാനം എന്ന നിലയ്ക്കാണ് ജില്ലകളില്‍ വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മനശ്ശാസ്ത്രപരമായ പരിഹാരം ഉള്‍പ്പെടെ നല്‍കുന്നതിന് കൗണ്‍സിലര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it