kannur local

പോലിസ് വേട്ടയിലൂടെ സര്‍ക്കാര്‍ പകവീട്ടുന്നു: പി അബ്്ദുല്‍ ഹമീദ് മാസ്റ്റര്‍

കാട്ടാമ്പള്ളി: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പാര്‍ട്ടി നടത്തുന്ന സമരത്തോടുള്ള പകപോക്കലാണ് പോലിസ് വേട്ടയിലൂടെ നടപ്പാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. 'ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല' എന്ന കാംപയിന്‍ പ്രചാരണാര്‍ഥം എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്‍ കാട്ടാമ്പള്ളി ഗവ. യൂപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഇടതു-വലതു മുന്നണികള്‍ ജനപക്ഷത്തു നിലയുറപ്പിക്കുന്നതിനു പകരം കുത്തകകള്‍ക്ക് ഓശാന പാടുമ്പോള്‍ ബഹുജന്‍ രാഷ്ട്രീയവുമായി മുന്നോട്ടുപോവുന്ന എസ്ഡിപിഐയെ ഒറ്റപ്പെടുത്താന്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തുവരികയാണ്.
മഹാരാജാസ് കോളജില്‍ നടന്ന യാദൃശ്ചിക സംഭവത്തിന്റെ മറപിടിച്ച് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് വേട്ടയാടിയത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താനാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പോലിസിനെ കൂട്ടുപിടിച്ച് സംഘപരിവാരത്തിനു അനുകൂലമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനെ തുറന്നുകാട്ടുന്നതിനു തടയിടാനാണു പോലിസ് വേട്ടയിലൂടെ ശ്രമിക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വിവിധ മേഖലകളില്‍ നിന്നു ശ്രമം നടക്കുന്നുണ്ട്.
എന്നാല്‍, വലിയൊരു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ഇതുകൊണ്ടൊന്നും സാധിക്കില്ല. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോവുന്ന പ്രസ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, ജില്ലാ കമ്മിറ്റിയംഗം ബി പി അബ്്ദുല്ല മന്ന, പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം സി ഷാഫി സംബന്ധിച്ചു.
Next Story

RELATED STORIES

Share it