പോലിസ് ഭീകരതയുടെ ഓര്‍മകള്‍

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം രാജന്‍ കേസ് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു. അതോടൊപ്പം പോലിസ് ഭരണത്തിലെ പുതിയ രാഷ്ട്രീയ ഇടപെടലുകളും പുറത്തുകൊണ്ടുവരുന്നു.
ഇന്ത്യയാകെ ഒരു ലോക്കപ്പുമുറിയായി മാറിയ അടിയന്തരാവസ്ഥയിലാണ് പോലിസ് കസ്റ്റഡിയില്‍ രാജന്‍ മരണപ്പെട്ടത്. നിരീക്ഷണ കാമറകള്‍ തുറന്നുപിടിച്ചിട്ടുള്ള ജനാധിപത്യത്തിന്റെ നട്ടുച്ചയിലാണ് വീട്ടില്‍ നിന്ന് അര്‍ധരാത്രി പോലിസ് പിടിച്ചിറക്കിക്കൊണ്ടുപോയ ശ്രീജിത്ത് അതിക്രൂരമായ മര്‍ദനമേറ്റ് ആന്തരികാവയവങ്ങള്‍ തകര്‍ന്നു കൊല്ലപ്പെടുന്നത്.
രാജന്‍ കേസിലെന്നപോലെ നിരപരാധിയായ ഒരു യുവാവിനെ പ്രതിയെന്നു കരുതി കുറ്റം സമ്മതിപ്പിക്കാന്‍ പീഡിപ്പിച്ചുകൊല്ലുകയായിരുന്നു പോലിസ് ശ്രീജിത്തിനെ. രാജനെ കസ്റ്റഡിയില്‍ എടുത്തില്ലെന്ന് ഹൈക്കോടതിയില്‍ അന്നു സത്യവാങ്മൂലം നല്‍കി പോലിസ് മേധാവികളും ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കെ കരുണാകരനും. ശ്രീജിത്തിന്റെ കാര്യത്തിലാകട്ടെ, നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു കൊന്നെന്ന ഗുരുതരമായ അപരാധം മറച്ചുപിടിക്കാനാണ് ശ്രമം നടന്നത്. ആത്മഹത്യാ കേസില്‍ പോലിസിനു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തതായിരുന്നുവെന്ന് കള്ളത്തെളിവ് ചമച്ചത്. അതിന് ഉന്നത പോലിസ് മേലധികാരികള്‍ ഒത്താശ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ മൗനത്തിന്റെ കൈയൊപ്പുവച്ച് മുഖ്യമന്ത്രി ആധികാരികത പകര്‍ന്നത്.
അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ കെ കരുണാകരന്‍ കൈകാര്യം ചെയ്തിരുന്ന പോലിസില്‍ രൂപപ്പെട്ട അപകടകരമായ പ്രതിഭാസമാണ് അടിയന്തരാവസ്ഥയിലെ കക്കയം അടക്കമുള്ള  പോലിസ് പീഡന ക്യാംപുകള്‍ കൊലക്കളങ്ങളാക്കി മാറ്റിയത്. അതേ പ്രതിഭാസം പിണറായി വിജയന്‍ ഭരിക്കുന്ന പോലിസ് സേനയിലും പ്രത്യക്ഷപ്പെട്ടതായി ശ്രീജിത്തിന്റെ മരണം വെളിപ്പെടുത്തുന്നു.
കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ തനിക്കു വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് പോലിസിന്റെ തലപ്പത്ത് ജില്ലകളിലും സംസ്ഥാനതലത്തിലും നിയോഗിച്ചിരുന്നത്. ക്രൈംബ്രാഞ്ച് മേധാവി ജയറാം പടിക്കല്‍ മുതല്‍ എസ്പി ലക്ഷ്മണ വരെയുള്ളവരെ. ഇവര്‍ തങ്ങളോടു മാത്രം വിധേയത്വമുള്ള ഒരു 'സൂപ്പര്‍ പോലിസ് ഫോഴ്‌സ്' സേനയില്‍ സമാന്തരമായി രൂപപ്പെടുത്തി.
അന്നു കോഴിക്കോട് എസ്പി ആയിരുന്ന കെ ലക്ഷ്മണ രൂപീകരിച്ച ടൈഗര്‍ സ്‌ക്വാഡിന്റെ മേധാവിയായിരുന്നു പുലിക്കോടന്‍ നാരായണന്‍. അടിയന്തരാവസ്ഥയില്‍ കക്കയം പോലിസ് സ്‌റ്റേഷന്‍ നക്‌സലൈറ്റുകള്‍ ആക്രമിച്ചതിന്റെ ഞെട്ടലില്‍ ജയറാം പടിക്കലും മധുസൂദനനും ലക്ഷ്മണയും കക്കയം കെഎസ്ഇബിയിലെ നിരോധിത മേഖലയില്‍ മര്‍ദന ക്യാംപ് തുറന്നു. കോഴിക്കോട്ടെ ടൈഗര്‍ സ്‌ക്വാഡിന്റെ വിവാദ തലവന്‍ പുലിക്കോടനെ വിളിച്ചുവരുത്തി കക്കയത്തെ ഉരുട്ടല്‍ കേന്ദ്രത്തിന്റെ ചുമതല ഏല്‍പിച്ചു. ഇതില്‍ രക്തസാക്ഷിയായത് ആര്‍ഇസി വിദ്യാര്‍ഥി പി രാജനാണ്.
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ ജീവന്‍ എടുത്തത് എറണാകുളം റൂറല്‍ എസ്പി രൂപീകരിച്ച 'റൂറല്‍ ടൈഗര്‍ ഫോഴ്‌സി'ലെ അംഗങ്ങളാണ്. വരാപ്പുഴ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിക്കും അവിടെ വച്ചും അവര്‍ നടത്തിയ മൂന്നാംമുറയാണ് മരണകാരണം. ശ്രീജിത്തിന്റെ ശരീരത്തില്‍ 18 മുറിവുകളും ആന്തരിക അവയവങ്ങളില്‍ മാരക മുറിവുകളും ഏറ്റിരുന്നു. ചെറുകുടല്‍ വേറിട്ട നിലയിലായിരുന്നു.
സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് കസ്റ്റഡി മരണത്തിനു കാരണക്കാരായ പോലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി കേസ് എടുക്കേണ്ടതായിരുന്നു. പക്ഷേ, അവരെ കേസ് അന്വേഷണ ചുമതലയില്‍ തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത്. ഇപ്പോഴും ശിക്ഷയല്ലാത്ത സസ്‌പെന്‍ഷനാണ് അവര്‍ക്ക്. അതും രണ്ടു ഘട്ടമായി. രാജന്‍ സംഭവത്തില്‍ ഉണ്ടാകാതിരുന്ന ഒരു പുതിയ രാഷ്ട്രീയ പ്രതിഭാസം ശ്രീജിത്തിന്റെ പോലിസ് ഹത്യയില്‍ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സിപിഎം പോലിസ് ഭരണത്തില്‍ നേരിട്ട് ഇടപെടുന്നതും കൊലയ്ക്കും കള്ളത്തെളിവ് സൃഷ്ടിക്കുന്നതിനും പാര്‍ട്ടി കൂട്ടുനില്‍ക്കുന്നതും പുറത്തുവന്നിരിക്കുന്നു.
വരാപ്പുഴയില്‍ മത്സ്യത്തൊഴിലാളി കെ എം വാസുദേവന്‍ ആത്മഹത്യ ചെയ്തത് വീട്ടില്‍ ഒരു സംഘം കടന്നുചെന്ന് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു. അതിലെ പ്രതികളില്‍ ഒരാളെന്ന നിലയിലാണ് ശ്രീജിത്തിനെ അര്‍ധരാത്രി ടൈഗര്‍ സ്‌ക്വാഡ് പിടിച്ചുകൊണ്ടുപോയത്. ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ അയാള്‍ കുറ്റവാളിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ പോലിസിനെ സഹായിച്ചത് ജില്ലയിലെ സിപിഎമ്മിന്റെ നേതാവാണെന്ന കാര്യവും പുറത്തുവന്നു.
പോലിസ് പ്രതിരോധം തീര്‍ത്തത് പ്രദേശവാസിയായ പി കെ പരമേശ്വരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ്. പരമേശ്വരന്റെ മൊഴി പോലിസ് രക്ഷാകവചമായി സ്വയം ഉപയോഗപ്പെടുത്തില്ലെന്നു വ്യക്തമാണ്. പോലിസുകാരായ പ്രതികളെ രക്ഷപ്പെടുത്തേണ്ട വ്യഗ്രതയില്‍ ജില്ലയിലെ സിപിഎം നേതൃത്വത്തില്‍ നിന്നുള്ള സഹായമില്ലാതെ ഇതു നടക്കില്ല. അതു ബോധ്യപ്പെടുത്തുന്നതാണ് പരമേശ്വരന്റെ മകന്‍ പിന്നീട് നടത്തിയ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ വീട്ടില്‍ വന്ന് പരമേശ്വരനെ പിന്നീട് കണ്ടെന്നും പുറത്തെവിടെയോ കൊണ്ടുപോയി മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയെന്നും.
രണ്ടോ മൂന്നോ പോലിസുകാരുടെ മാത്രം കൈയബദ്ധമായിരുന്നെങ്കില്‍ സ്‌റ്റേഷന്റെ ചുമതലയില്‍ ഉണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അവധിയിലായിട്ടും അര്‍ധരാത്രി വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയ എസ്‌ഐയും ലോക്കപ്പ് മര്‍ദനത്തിനു മൂകസാക്ഷികളാവുമായിരുന്നില്ല.  കൊലപാതക കേസില്‍ പ്രതികളാക്കേണ്ട പോലിസുകാരെ സംരക്ഷിക്കാന്‍ വഴിവിട്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. ഒരുപക്ഷേ, കസ്റ്റഡി കൊലപാതകത്തിലേക്ക് പോലിസിനെ നയിച്ചതു പോലും വാസുദേവന്റെ ആത്മഹത്യാ കേസില്‍ സ്ഥലത്തെ പ്രധാന ദിവ്യന്‍ ആദ്യം മുതലേ ഇടപെട്ടതുകൊണ്ടാകാം.
ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പോള്‍ പോലിസ് മന്ത്രിയുടെ പാര്‍ട്ടിക്കാരുടെ ഇടപെടല്‍ വ്യാപകമാവുകയാണ്. വ്യാജ പ്രതികളെ നല്‍കി കുറ്റവാളികളെ രക്ഷിക്കുന്ന കണ്ണൂര്‍ ശൈലി പാര്‍ട്ടി സഖാക്കളെ ഉപയോഗിച്ച് കള്ളത്തെളിവുകള്‍ ചമച്ച് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനും ഉപയോഗപ്പെടുത്തുന്നു.
രണ്ടു ദിവസത്തെ മൗനത്തിനു ശേഷം ഒരു പൊതുയോഗത്തില്‍ ശ്രീജിത്തിന്റെ മരണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ശ്രദ്ധിക്കുക: ''കര്‍ക്കശമായി കൈകാര്യം ചെയ്യും. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട.'' കര്‍ക്കശമായി കൈകാര്യം ചെയ്യുകയെന്ന നയം കെ കരുണാകരന്റെ പോലിസ് നയമാണ്. സുപ്രിംകോടതിയും മനുഷ്യാവകാശ കമ്മീഷനുകളും ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടുള്ള മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ശാസ്ത്രീയ കുറ്റാന്വേഷണമാണ് ഉണ്ടാകേണ്ടത്. പകരം മുന്‍വിധിയോടെ കേസുകള്‍ കൈകാര്യം ചെയ്യുകയും പൗരന്റെ ജീവന്‍ എടുക്കുകയും അനീതി നടപ്പാക്കുകയുമാണ് ചെയ്യുന്നത്.
മനുഷ്യത്വത്തോടെ നിയമാനുസൃതം പോലിസ് പെരുമാറണമെന്നു ബോധ്യപ്പെടുത്താന്‍ പോലിസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം കഴിഞ്ഞ ദിവസം ഡിജിപിക്കു വിളിക്കേണ്ടിവന്നു. അതിനെ പരിഹസിക്കുകയും വെല്ലുവിളിക്കുകയുമാണ് ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലൂടെ കേരളം കണ്ടത്. അതാണ് മാധ്യമങ്ങളും മനുഷ്യാവകാശ കമ്മീഷനുമടക്കം വിമര്‍ശിച്ചു രംഗത്തെത്തിയത്. പോലിസുകാര്‍ക്കെതിരേ കൊലപാതകത്തിനു കേസെടുക്കാത്തതിലും തെളിവു നശിപ്പിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയതിലും ശക്തമായ വിമര്‍ശനം ഉയര്‍ന്നത്. എന്നിട്ടും മുഖ്യമന്ത്രി സ്വയം ന്യായീകരിക്കുകയും ഗവണ്‍മെന്റിനെതിരേ അപവാദം ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു; സര്‍ക്കാര്‍ സ്വയം വരുത്തിവയ്ക്കുന്ന അപകീര്‍ത്തി മറ്റുള്ളവരുടെ തലയില് കെട്ടിവച്ച്.
ആരോപണങ്ങള്‍ക്ക് വിധേയരായ പോലിസ് ഉദ്യോഗസ്ഥരെ നിര്‍ണായക സ്ഥാനങ്ങളില്‍ കൊണ്ടുവരുന്നു. ഭരണനേതൃത്വത്തോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കുന്നു. അല്ലാത്തവരെ പന്തുതട്ടിക്കളിക്കുന്നു. ഒരു വിഭാഗം പോലിസ് മേധാവികളെ പ്രീണിപ്പിക്കുകയും കയറഴിച്ചുവിടുകയും ചെയ്യുന്നതിനെതിരേ ഡിജിപി പദവിയിലുള്ള ഋഷിരാജ് സിങിനെ പോലുള്ളവര്‍ പരാതിപ്പെടുന്നു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കും രാഷ്ട്രീയകാര്യ സെക്രട്ടറിക്കും തോന്നുന്നതാണ് അപ്പപ്പോഴത്തെ പോലിസ് നയം. സുപ്രിംകോടതി വിധികള്‍ക്കും മാര്‍ഗരേഖകള്‍ക്കും നിയമ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്കും പുല്ലുവില. എല്‍ഡിഎഫ് മുഖ്യമന്ത്രി കരുണാകരന്‍ ചമയുമ്പോള്‍ അങ്ങനെയേ വരൂ. പോലിസ് ഭരണം നിയമവിരുദ്ധവും ജനവിരുദ്ധവുമാകുമ്പോള്‍ മുഖ്യമന്ത്രിക്കു ഭരണച്ചുമതല നല്‍കിയ സിപിഎം എന്തു ചെയ്യുന്നു എന്നാണ് ചോദിക്കേണ്ടിവരുന്നത്.                                                  ി
Next Story

RELATED STORIES

Share it