kannur local

പോലിസ് നെട്ടോട്ടത്തില്‍; നേതാക്കള്‍ വാക്‌പോരില്‍

കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ക്രമസമാധാനം ഉറപ്പാക്കാന്‍ പോലിസ് കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ വാക്‌പോരുമായി സിപിഎം, ബിജെപി നേതാക്കള്‍. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും കൊലപാതകത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ് ഇവര്‍.
ആര്‍എസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് സിപിഎം നേതൃത്വം ഒന്നടങ്കം രംഗത്തെത്തി. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍എസ്എസ് ഗൂഢപദ്ധതി തയ്യാറാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് ശിബിരത്തില്‍ ആസൂത്രണം ചെയ്ത കാര്യമാണ് ഇപ്പോള്‍ നടപ്പാക്കിയത്. പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് മനുഷ്യരെ കൊല്ലാന്‍ ആര്‍എസ്എസ് പരിശീലന കേന്ദ്രത്തില്‍ നല്‍കുന്നത്.
കൊലക്കത്തി താഴെവയ്ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍എസ്എസ്സുകാരെ ഉപദേശിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. തൊക്കിലങ്ങാടിയില്‍ നടന്ന ആര്‍എസ്എസ് ക്യാംപിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകനെ വധിച്ചത്. ആര്‍എസ്എസിനെ സഹായിക്കുന്ന സമീപനം മാഹി പോലിസ് തിരുത്തണം.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവം ഇനി ആര്‍ത്തിക്കാന്‍ പാടില്ലെന്നും ജയരാജന്‍ പ്രസ്താവിച്ചു. മാഹി കൊലപാതകങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ പ്രമോദ് ആവശ്യപ്പെട്ടു. പോലിസ് നിഷ്പക്ഷമായി കേസന്വേഷിക്കണം. സിപിഎം പ്രവര്‍ത്തകന്‍ കൊലപ്പെട്ട് പ്രതികള്‍ ആരെന്ന് തിരിച്ചറിയുന്നതിനു മുമ്പ് മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ പ്രതിരോധ സേനയാണ് പെട്ടെന്നുള്ള അക്രമത്തിനു പിന്നില്‍. സിപിഎം നേതൃത്വം വിടുവായിത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it