Flash News

പോലിസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ഹൈക്കോടതി

കൊച്ചി: പോലിസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും മാത്രമല്ല പോലിസിന്റെ കടമ. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പുറമെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കലും പോലിസിന്റെ ചുമതലയാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
വ്യാജ വിലാസം സമര്‍പ്പിച്ചുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെതിരേ തിരുവനന്തപുരം സ്വദേശി രോഹിത് ജോണ്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഈ നിരീക്ഷണങ്ങളുള്ള ഉത്തരവ്. രോഹിത്തിന് രണ്ടാഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച്, ഉത്തരവാദികളായ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന പോലിസ് മേധാവിക്ക് വേണമെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പരിഗണിക്കാന്‍ വിധിയുടെ പകര്‍പ്പ് ഡിജിപിക്ക് കൈമാറണമെന്നും രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.
2006 ഡിസംബര്‍ 14 മുതല്‍ 2016 ഡിസംബര്‍ 13 വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് രോഹിത് ജോണിനുണ്ടായിരുന്നു. കാലാവധി തീരാറായപ്പോള്‍ പുതുക്കാന്‍ അപേക്ഷ നല്‍കി. വ്യാജ വിലാസത്തിലാണ് രോഹിത് പാസ്‌പോര്‍ട്ട് എടുത്തിരുന്നതെന്നും അതിനാല്‍ അത് 2016 ഫെബ്രുവരിയില്‍ തന്നെ റദ്ദാക്കിയിരുന്നുവെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചത്. ഇന്റലിജന്‍സ് എഡിജിപിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു വിശദീകരണം. ഇതിനെതിരേയാണ് രോഹിത് ഹൈക്കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് അനുവദിച്ച കാലത്ത് താന്‍ പാസ്‌പോര്‍ട്ടില്‍ പറയുന്ന വിലാസത്തിലായിരുന്നു താമസിച്ചിരുന്നതെന്ന് ഹരജിക്കാരന്‍ വാദിച്ചു. കോട്ടയം ജില്ലാ പോലിസ് മേധാവിയോട് അടുപ്പമുള്ള ഒരാള്‍ക്ക് തന്നോട് ശത്രുതയുണ്ടായിരുന്നു. ഈ വ്യക്തിക്കു വേണ്ടി തന്നെ പീഡിപ്പിക്കുകയാണെന്നും രോഹിത് വാദിച്ചു. കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് ലഭിച്ചപ്പോള്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി അന്വേഷിച്ചതിനുശേഷമാണ് പാസ്‌പോര്‍ട്ട് വിഭാഗത്തിന് റിപോര്‍ട്ട് നല്‍കിയതെന്ന് ഇന്റലിജന്‍സ് എഡിജിപി കോടതിയെ അറിയിച്ചു.
വിശദമായ അന്വേഷണം നടത്തിയിട്ടും അക്കാലത്തെ ഹരജിക്കാരന്റെ യഥാര്‍ഥ വിലാസം എന്തെന്ന് അറിയാനായില്ലെന്ന് സ്റ്റേറ്റ്‌മെന്റില്‍ എഡിജിപി പറയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തന്റെ റിപോര്‍ട്ട് പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നറിയുന്ന എഡിജിപി, വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കിയത് സ്വേച്ഛാപരവും അനീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രോഹിത് ജോണ്‍ വ്യാജ വിലാസം നല്‍കിയെന്ന കണ്ടെത്തലിന് തെളിവില്ല. കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടെന്നാണ് പറയുന്നത്. രോഹിത് ജോണും മറ്റുള്ളവരും പ്രതിയായിരുന്ന ഒരു കേസ് 2010ല്‍ അന്വേഷിച്ചിരുന്നത് ഈ ഡിവൈഎസ്പിയായിരുന്നു. ആ കേസിന്റെ അന്വേഷണ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രോഹിത്തിന്റെ പാസ്‌പോര്‍ട്ടില്‍ പറയുന്ന വിലാസം തന്നെയാണ്. എന്നിട്ടും വ്യാജ വിലാസത്തിലാണ് പാസ്‌പോര്‍ട്ട് എടുത്തതെന്ന് എഡിജിപിക്ക് റിപോര്‍ട്ട് നല്‍കി. അതിനാല്‍ തന്നെ ദ്രോഹിക്കാനാണ് ഈ റിപോര്‍ട്ട് കോട്ടയം ജില്ലാ പോലിസ് മേധാവി നല്‍കിയതെന്ന രോഹിത്തിന്റെ വാദം തള്ളിക്കളയാനാവില്ലെന്ന് കോടതി പറഞ്ഞു.
ചെയ്ത തെറ്റിനെ കോടതിയുടെ മുന്നില്‍ ന്യായീകരിക്കാനും തെറ്റു ചെയ്തവരെ സംരക്ഷിക്കാനുമാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരിക്കുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it