Flash News

പോലിസുകാര്‍ക്ക് അടിമപ്പണി: സുദേഷ് കുമാറിന്റെ ബറ്റാലിയന്‍ മേധാവി സ്ഥാനം തെറിച്ചു

തിരുവനന്തപുരം: പോലിസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചെന്ന പരാതി സ്ഥിരീകരിച്ചതോടെ എഡിജിപി സുദേഷ് കുമാറിനെ സായുധസേനയുടെ തലപ്പത്തുനിന്നു മാറ്റി. ജീവനക്കാരെ അടിമപ്പണി ചെയ്യിക്കുന്നതിനു പിന്നാലെ ഔദ്യോഗിക വാഹനം ദുരുപയോഗിക്കുന്നതായി കാണിച്ച് രഹസ്യാന്വേഷണ വിഭാഗവും റിപോര്‍ട്ട് നല്‍കിയതോടെയാണ്  വേഗത്തില്‍ നടപടിയുണ്ടായത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് അനന്തകൃഷ്ണനാണ് ഇനി ചുമതല.മകള്‍ ഡ്രൈവറെ മര്‍ദിച്ചെന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ സുദേഷ് കുമാറിന് പകരം ചുമതല നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു. പോലിസുകാരെയും ക്യാംപ് ഫോളോവേഴ്‌സിനെയും ഉപയോഗിച്ച് പട്ടിയെ കുളിപ്പിക്കല്‍ അടക്കമുള്ള പണിക്ക് നിയോഗിക്കുന്നതായും എതിര്‍ക്കുന്നവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കുന്നതായും മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍ വെളിപ്പെടുത്തി. ഭാര്യയും മകളും പ്രഭാതനടത്തത്തിനു പോയത് സര്‍ക്കാര്‍ വാഹനത്തിലാണെന്ന് എഫ്‌ഐആറിലും സ്ഥിരീകരിച്ചു.ഇതോടെയാണ് സുദേഷ് കുമാറിനെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.  കേസില്‍ വ്യക്തത വന്ന ശേഷം പുതിയ നിയമനം നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സുദേഷ് കുമാറിന്റെ ചട്ടലംഘനങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തിയാണ് ഡിജിപിക്ക് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയത്. വീട്ടുവേലയ്ക്ക് തയ്യാറാകാത്തതിന്റെ പേരില്‍ 12 ക്യാംപ് ഫോളോവേഴ്‌സിനെ മൂന്നു മാസത്തിനിടെ പിരിച്ചുവിട്ടതായി റിപോര്‍ട്ടിലുണ്ട്. ഭാര്യയ്ക്കും മകള്‍ക്കും പുറമേ ബന്ധുക്കളും സര്‍ക്കാര്‍ വാഹനം ദുരുപയോഗിക്കുന്നു. ഏതാനും ദിവസം മുമ്പ് ഒരു ബന്ധു തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ പോയത് ഔദ്യോഗിക വാഹനത്തിലാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, പോലിസ് ഡ്രൈവറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പോലിസ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഗവാസ്‌കര്‍ തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്ന സുദേഷ് കുമാറിന്റെ മകളുടെ പരാതിയും  അന്വേഷണ പരിധിയില്‍ വരും. മര്‍ദനമേറ്റ ഡ്രൈവറും തിരുവനന്തപുരം ആര്യനാട് സ്വദേശിയുമായ ഗവാസ്‌കറിന് 50,000 രൂപ ചികില്‍സാ സഹായം നല്‍കാനും തീരുമാനിച്ചു. അതിനിടെ, എസ്പി റാങ്കിന് മുകളിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പോലിസുദ്യോഗസ്ഥരുടെയും യോഗം ഈ മാസം 26ന് മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it