Editorial

പോലിസുകാരെ മാതൃകാപരമായി ശിക്ഷിക്കണം

വരാപ്പുഴയില്‍ പോലിസ് മര്‍ദനമേറ്റു കൊല്ലപ്പെട്ട ശ്രീജിത്ത് കസ്റ്റഡി കൊലപാതകങ്ങളുടെ ഇരകളില്‍ ഒടുവിലത്തേതാവുമെന്ന് ആശ്വസിക്കാന്‍ മലയാളിയുടെ മുന്നില്‍ ന്യായങ്ങളൊന്നും തന്നെയില്ല. പോലിസിന്റെ നിഷ്ഠുരമായ മര്‍ദനങ്ങളാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് നാട്ടുകാരും ഭാര്യയും അമ്മയും സഹോദരനുമടക്കമുള്ള ബന്ധുക്കളും ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുമ്പോഴും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ നിലപാടാണ് പോലിസ് കൈക്കൊള്ളുന്നത് എന്നതാണ് ഏറെ വേദനാജനകം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ചികില്‍സാ രേഖകളും പോലിസിനെതിരേ വിരല്‍ചൂണ്ടുമ്പോഴും മര്‍ദകവീരന്മാരായ പോലിസ് ഉദ്യോഗസ്ഥരെ വെള്ളപൂശുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ വരെ സ്വീകരിക്കുന്നത്.
വീടുകയറി ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വ്യക്തിയുടെ മകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, താന്‍ ശ്രീജിത്തിന്റെ പേര് മൊഴിയിലൊരിടത്തുപോലും പരാമര്‍ശിച്ചിട്ടില്ലെന്ന് ആത്മഹത്യ ചെയ്തയാളുടെ മകന്‍ വിനീഷ് തറപ്പിച്ചു പറയുന്നു. കൊടുംമര്‍ദനമേറ്റതിന്റെ പാരവശ്യത്തില്‍ കുടിവെള്ളം ആവശ്യപ്പെട്ട ശ്രീജിത്തിന് അതുപോലും നല്‍കാതെ മര്‍ദനം തുടര്‍ന്ന പോലിസുകാരെ വിശേഷിപ്പിക്കാന്‍ ഭാഷയിലെ ഏറ്റവും നിന്ദ്യമായ പദംപോലും മതിയാവുകയില്ല.
മര്‍ദനത്തിനു നേതൃത്വം നല്‍കിയവരെ രക്ഷപ്പെടുത്താനായിരുന്നു രേഖകളില്‍ കൃത്രിമം കാട്ടുകയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു പറഞ്ഞു തള്ളാനാവില്ല.
സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദനങ്ങളുടെയും കസ്റ്റഡി കൊലപാതകങ്ങളുടെയും നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അധികാര ദുരുപയോഗത്തിലൂടെ തെളിവുകള്‍ നശിപ്പിച്ചും രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ചും തങ്ങള്‍ പ്രതികളായ കേസുകളില്‍ നിന്ന് പോലിസ് ഉദ്യോഗസ്ഥര്‍ ഊരിപ്പോരുന്നതും പതിവാണ്. മാധ്യമ ഇടപെടല്‍കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച ഏതെങ്കിലും കേസുകളില്‍ അപൂര്‍വമായി മാത്രമേ കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടാറുള്ളൂ.
കേരളത്തിലെ പോലിസ് സേനയില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കടന്നുവന്നതോടെ സേനയുടെ ക്രൂരമുഖച്ഛായക്ക് മാറ്റം വന്നെന്ന് ആശ്വസിക്കാനാവില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലിസ് അതിക്രമങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ജനമൈത്രി പോലിസ് സ്‌റ്റേഷന്‍ എന്ന ബോര്‍ഡ് വച്ചതുകൊണ്ടോ പൊതുജനങ്ങളെ സര്‍ എന്നു വിളിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയതുകൊണ്ടോ കാര്യമില്ലെന്നതിന് അനുഭവങ്ങളാണു സാക്ഷി.
ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരങ്ങളില്‍ ഏര്‍പ്പെടുന്ന ജനങ്ങളെ കുത്തക ഭീമന്മാര്‍ക്കും ഭരണകൂടങ്ങള്‍ക്കും വേണ്ടി തല്ലിയൊതുക്കാന്‍ മടിയില്ലാത്ത പോലിസിന് ഇടയ്ക്കിടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള ഇരകള്‍ മാത്രമാണ് ശ്രീജിത്തിനെ പോലുള്ളവര്‍ എന്ന മനോഭാവത്തിന് അറുതിവരേണ്ടതുണ്ട്. കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ ശക്തമായ നിയമനടപടികളെടുത്ത് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ കഴിഞ്ഞാലേ പോലിസിന്റെ അതിക്രമങ്ങള്‍ക്കു കടിഞ്ഞാണിടാനാവൂ.
Next Story

RELATED STORIES

Share it