പോലിസുകാരുടെ പരിശീലന ക്ലാസിലും അഭിപ്രായഭിന്നതകള്‍

തിരുവനന്തപുരം: പോലിസിന്റെ കാര്യക്ഷമത കൂട്ടാനും ജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിലും തര്‍ക്കം. മുന്‍ ഡിജിപി കെ ജെ ജോസഫ് നടത്തിയ പരാമര്‍ശത്തിനെതിരേ പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതാണ് വാക്‌പോരിനിടയാക്കിയത്. കേസന്വേഷണങ്ങളില്‍ അസോസിയേഷനുകള്‍ ഇടപെടുന്നുവെന്ന് ക്ലാസെടുക്കുകയായിരുന്ന കെ ജെ ജോസഫ് അഭിപ്രായപ്പെട്ടു.
എന്നാല്‍, ഇത്തരത്തില്‍ ഇടപെട്ട ഒരു കേസെങ്കിലും തെളിവായി കാണിക്കാമോ എന്നു ചോദിച്ച് മുന്‍നിരയിലിരുന്ന അസോസിയേഷന്‍ സെക്രട്ടറി ഡി കെ പൃഥ്വിരാജ് എഴുന്നേറ്റു. ഇതോടെ ഏറെനേരം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കം. ഭിന്നത രൂക്ഷമായതോടെ കൂടുതല്‍ പ്രതികരണങ്ങള്‍ക്കു മുതിരാതെ കെ ജെ ജോസഫ് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ അസോസിയേഷന്‍ ഭാരവാഹികളെ പിന്തുണച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രംഗത്തുവന്നു. കേസന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെടാറില്ലെന്നും അസോസിയേഷനുകള്‍ വ്യവസ്ഥാപിതമായാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റേഞ്ചിലെ സിഐ, എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായി പോലിസ് ട്രെയിനിങ് കോളജിലാണ് ക്യാംപ്് നടന്നത്. വിഷയം സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെ ജെ ജോസഫിന് കാലം മാറിയത് അറിയില്ലെന്നാണ് ഗ്രൂപ്പുകളിലെ പരാമര്‍ശം.
Next Story

RELATED STORIES

Share it